ന്യൂഡൽഹി : ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ മകൾക്കെതിരെ സൈബർ ആക്രമണവുമായി ഇസ്ലാമികവാദികൾ. ഷമിയുടെ മകൾ ഐറ ഹോളി ആഘോഷിച്ചതാണ് ഇസ്ലാമിക വാദികളുടെ രോഷത്തിന് കാരണമായിരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കിടയിൽ എനർജി ഡ്രിങ്ക് കുടിച്ചതിന് ഷമിക്കെതിരെ കടുത്ത വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഷമിയുടെ മകൾക്കെതിരെ ഇസ്ലാമികവാദികൾ രംഗത്തെത്തിയിട്ടുള്ളത്.
ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ പ്രസിഡന്റായ മൗലാന ഷഹാബുദ്ദീൻ റസ്വിയാണ് മുഹമ്മദ് ഷമിയുടെ മകൾക്കെതിരെ ആദ്യം രംഗത്തെത്തിയത്. ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് പോലെയുള്ള കാര്യങ്ങൾ ശരിഅത്തിന് എതിരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തിടെ സമാപിച്ച ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുമ്പോൾ റംസാൻ വ്രതം എടുത്തില്ലെന്ന് കാണിച്ച് മുഹമ്മദ് ഷമിയ്ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചതും ഷഹാബുദ്ദീൻ റസ്വിയാണ്.
ഇസ്ലാമിക പാരമ്പര്യങ്ങൾ പിന്തുടരാനും ഹോളി ആഘോഷിക്കുന്നത് ഒഴിവാക്കാനും ഷമിയോടും കുടുംബാംഗങ്ങളോടും മുമ്പ് അഭ്യർത്ഥിച്ചിട്ടുള്ളതാണെന്ന് ഷഹാബുദ്ദീൻ റസ്വി പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു. ശരിഅത്ത് പ്രകാരം ഹോളി ആഘോഷിക്കുന്നത് കുറ്റകൃത്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശരിഅത്തിൽ ഇല്ലാത്തതൊന്നും നിങ്ങളുടെ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്ന് മുഹമ്മദ് ഷമിയോടും കുടുംബത്തിനോടും വീണ്ടും ആവശ്യപ്പെടുകയാണെന്നും ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.
Discussion about this post