ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ വച്ച് നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഇന്ത്യയും ന്യൂസിലൻഡും വിവിധ പ്രതിരോധ സഹകരണ കരാറുകളിൽ ഒപ്പുവച്ചു. നിയമവിരുദ്ധ കുടിയേറ്റം അടക്കമുള്ള പ്രശ്നങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുമെന്ന് ഇരു പ്രധാനമന്ത്രിമാരും അറിയിച്ചു.
ഇന്തോ-പസഫിക് സമുദ്ര സംരംഭത്തിലേക്ക് ന്യൂസിലാൻഡിനെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ക്രിസ്റ്റഫർ ലക്സണിനെ പോലെ ഒരു യുവ നേതാവ് റെയ്‌സിന ഡയലോഗ് 2025-ൽ ഇന്ത്യയുടെ മുഖ്യാതിഥിയായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്രവും സുരക്ഷിതവും സമൃദ്ധവുമായ ഒരു ഇന്തോ-പസഫിക്കിനെയാണ് ഇന്ത്യയും ന്യൂസിലാന്റും പിന്തുണയ്ക്കുന്നത് എന്നും മോദി അഭിപ്രായപ്പെട്ടു.
അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച ആണ് ന്യൂസിലാൻഡ് പ്രധാനമന്ത്രി ഇന്ത്യയിൽ എത്തിയത്. ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അദ്ദേഹം ഹോളി ആഘോഷങ്ങളിലും പങ്കെടുത്തിരുന്നു. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വച്ചായിരുന്നു അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള (എഫ്‌ടിഎ) ചർച്ചകൾ വൈകാതെ തന്നെ ആരംഭിച്ചേക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ക്രിസ്റ്റഫർ ലക്സൺ കൂടിക്കാഴ്ച നടത്തും.
Discussion about this post