മുംബൈ: നാഗ്പൂരിൽ ഉണ്ടായ വർഗ്ഗീയ കലാപത്തിന് കാരണക്കാരനായ രാഷ്ട്രീയ നേതാവിന്റെ ചിത്രം പുറത്തുവിട്ട് പോലീസ്. എംഡിപി നേതാവായ ഫഹീം ഷമീം ഖാന്റെ ചിത്രമാണ് പുറത്തുവിട്ടത്. കലാപത്തിന്റെ മുഖ്യ ആസൂത്രകൻ ഇയാൾ ആണെന്നാണ് പോലീസ് പറയുന്നത്.
തിങ്കളാഴ്ചയാണ് നാഗ്പൂരിനെ ഞെട്ടിച്ചുകൊണ്ട് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് ഷമീം പ്രകോപനപരമായ രീതിയിൽ പ്രസംഗിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത് സംഘർഷങ്ങളുടെ ആക്കം കൂട്ടി. ഇതിന് പിന്നാലെ സംഘമായി എത്തിയ കലാപകാരികൾ പ്രതിഷേധക്കാർക്ക് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 34 പേർക്ക് പരിക്കേറ്റു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ മത്സരിച്ച രാഷ്ട്രീയ പ്രമുഖനാണ് ഇയാൾ. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിൻ ഗഡ്കരിയ്‌ക്കെതിരെ ഷമീം ഖാൻ മത്സരിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തോട് 6.5 ലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. സജ്ഞയ് ബാഗ് കോളനിയിലെ സിറ്റി പ്രസിഡന്റ് കൂടിയാണ് ഇയാൾ.
സംഭവത്തിൽ അഞ്ച് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റമാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. പോലീസ് കേസ് എടുത്തതിന് പിന്നാലെ ഷമീം ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി കൂടിയാണ് ചിത്രം പുറത്തുവിട്ടത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post