മുംബൈ : ചാമ്പ്യൻസ് ട്രോഫിയിലെ ഉജ്ജ്വല വിജയത്തിന് ഇന്ത്യൻ ടീമിന് ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് ബിസിസിഐ. ആകെ 58 കോടി രൂപയാണ് ടീമിനു നൽകുന്നത്. ഈ തുക ടീമംഗങ്ങൾക്കും മറ്റ് ജീവനക്കാർക്കും വീതിച്ചു നൽകും. ചാമ്പ്യൻസ് ട്രോഫിയിൽ ഒരു തോൽവി പോലും നേരിടാതെയാണ് ഫൈനലിൽ ന്യൂസ്‌ലാൻഡിനെയും തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയത്.
ഓരോരുത്തർക്കും എത്ര തുക വീതമാണ് നൽകുന്നതെന്ന് ബിസിസിഐ സെക്രട്ടറി ദേവദത്ത് സൈകിയ വ്യക്തമാക്കിയിട്ടുണ്ട്. അസിസ്റ്റന്റ് കോച്ചുമാർക്ക് 50 ലക്ഷം രൂപ വീതം നൽകും. റയൻ ടെൻ ഡോസെച്ചെ, അഭിഷേക് നായർ, സിതാൻശു കോട്ടെക്, മോണി മോർക്കൽ എന്നിവരാണ് ഗൗതം ഗംഭീറിന്റെ സഹായികളായുള്ള അസിസ്റ്റന്റ് കോച്ചുമാർ. മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും അൻപത് ലക്ഷം വീതം ലഭിക്കും.
കോച്ച് ഗൗതം ഗംഭീറിന് 3 കോടിയാണ് ക്യാഷ് പ്രൈസ് ലഭിക്കുക. കളിക്കാർക്ക് എല്ലാവർക്കും മൂന്ന് കോടി വീതം ലഭിക്കും. ടീമിനൊപ്പമുള്ള ബിസിസിഐ ജീവനക്കാർക്ക് 25 ലക്ഷം രൂപ വീതമാണ് ലഭിക്കുക.
ഇത് മൂന്നാം വട്ടമാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം നേടുന്നത്. 2002 ഉം 2013 ലുമായിരുന്നു നേരത്തെ കിരീടം നേടിയത്. 2002 ൽ ശ്രീലങ്കക്കൊപ്പം സംയുക്ത ജേതാക്കളായിരുന്നു ഇന്ത്യ. 2013 ൽ ഇംഗ്ലണ്ടിനെയും 2025 ൽ ന്യൂസ്‌ലൻഡിനേയുമാണ് കലാശ പോരാട്ടത്തിൽ ഇന്ത്യ പരാജയപ്പെടുത്തിയത്.
Discussion about this post