ന്യൂഡൽഹി : ഇന്ത്യയിൽ ഉടനീളം ഉള്ള വിവിധ ടോൾ പ്ലാസകളിൽ തട്ടിപ്പ് നടക്കുന്നതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കണ്ടെത്തി. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം രൂപീകരിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ NHAI ടോൾ തട്ടിപ്പിൽ നടപടികൾ ആരംഭിച്ചു. 42 ലധികം ടോൾ പ്ലാസകളിൽ നിയമവിരുദ്ധമായ ടോൾ പിരിവ് നടക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ ടോൾ പിരിവിനായി കരാറെടുത്ത 14 ഏജൻസികൾക്കെതിരെ NHAI നടപടി സ്വീകരിച്ചിട്ടുണ്ട്.
14 ഏജൻസികളെ രണ്ട് വർഷത്തേക്ക് വിലക്കുകയും ഏകദേശം 100 കോടി രൂപയുടെ സുരക്ഷാ നിക്ഷേപം പിടിച്ചെടുക്കുകയും ചെയ്തു. വ്യാജ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഇവർ ടോൾ തട്ടിപ്പ് നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുള്ളത്. കരാർ ഏജൻസികളിലെ ജീവനക്കാർ വ്യാജ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫാസ്ടാഗ് ഇല്ലാത്തതോ നിരോധിത ഫാസ്ടാഗ് ഉള്ളതോ ആയ വാഹനങ്ങളിൽ നിന്ന് ടോൾ പ്ലാസകൾ വഴി നിയമവിരുദ്ധമായി പണം പിരിച്ചെടുക്കുകയായിരുന്നു.
ടോൾ പ്ലാസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ പരിശോധിക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. തുടർനടപടികളുടെ ഭാഗമായി കൃത്യമായ ഡാറ്റ ശേഖരിക്കുന്നതിനായി, പ്രധാന ടോൾ പ്ലാസകളിൽ AI ഓഡിറ്റ് ക്യാമറകൾ സ്ഥാപിക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. തെറ്റായ ടോൾ പിരിവ് കേസുകളിൽ ബന്ധപ്പെട്ട ഏജൻസികൾക്ക് ഇതുവരെ രണ്ട് കോടിയിലധികം രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചിട്ടുണ്ട്.
Discussion about this post