രക്തദാനം മഹാദാനം എന്നാണ് പറയാറുള്ളത്. ഒരു ജീവൻ രക്ഷിക്കുകയെന്ന മഹത്തായ കർത്തവ്യമാണ് രക്തം ദാനം ചെയ്യുന്നതിലൂടെ ഒരാൾ ചെയ്യുന്നത്. 18 നും 65 നും ഇടയിൽ പ്രായമുള്ള ആരോഗ്യവാനായ ഒരാൾക്ക് രക്തം മൂന്ന് മാസത്തിലൊരിക്കൽ എന്ന തോതിൽ ദാനം ചെയ്യാം. രക്തം ദാനം ചെയ്യുന്നവർക്ക്, എച്ച്‌ഐവി,മഞ്ഞപ്പിത്തം, സിഫിലസ് തുടങ്ങിയ രോഗങ്ങളൊന്നും തന്നെയില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് രക്തം സ്വീകരിക്കുന്നത്. ചികിത്സകളിൽ ശസ്ത്രക്രിയ വേളകളിൽ,എല്ലാം മനുഷ്യന് രക്തം ആവശ്യമായി വരുന്നു. ശരാശരി ആറുലിറ്റർ രക്തമാണ് മനുഷ്യശരീരത്തിൽ ഉള്ളത്. ഇതിൽ 350 മില്ലി ലിറ്റർ രക്തം മാത്രമേ ദാനം ചെയ്യാനായി എടുക്കണ്ടതുള്ളൂ. ഈ രക്തം 24 മുതൽ 48 മണിക്കൂറിനുള്ളിൽ ശരീരത്തിൽ വീണ്ടും ഉത്പാദിപ്പിക്കപ്പെടുന്നു.
എന്നാൽ പലപ്പോഴും രക്തദാനത്തിന് മടിക്കുന്നതായി കാണാറുണ്ട്. ശരീരത്തിനേറെ ഗുണകരമായ കാര്യമാണ് രക്തദാനം. രക്തദാനത്തിലൂടെ ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനാവും. കൃത്യമായ ഇടവേളകളിലുള്ള രക്തദാനം പക്ഷാഘാതത്തിന്റെ സാധ്യത വളരെയധികെ കുറയ്ക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് അല്ലെങ്കിൽ കൊളസ്‌ട്രോൾ, രക്തസമ്മർദ്ദത്തിന്റെ സാധ്യത എന്നിവ കുറയ്ക്കുന്നതിനും രക്തദാനം സഹായിക്കുന്നു. രക്തദാനത്തിലൂടെ പുതിയ രക്താണുക്കൾ രൂപപ്പെടുന്നതിനാൽ കൂടുതൽ ഊർജ്ജ്വസ്വലനാവുന്നു.
രക്തം ദാനം ചെയ്യുന്നതിന്റെ ഗുണങ്ങളെ പറ്റി ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനവും ഏറെ ശ്രദ്ധേയമാണ്. ഇതിൽ രക്തം ദാനം ചെയ്യുന്നത് കാൻസർ സാധ്യത കുറയ്ക്കുമെന്ന നിർണായകമായ സൂചനകളാണ് ലഭിച്ചത്.പ്രായമാകുമ്പോൾ നമ്മുടെ രക്തത്തിലെ മൂലകോശങ്ങളിൽ മ്യൂട്ടേഷനുകൾ സംഭവിക്കുന്നു. ഈ മ്യൂട്ടേഷനുകളിൽ ചിലത് രക്താർബുദത്തിനും മറ്റ് രക്തസംബന്ധമായ വൈകല്യങ്ങൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കും. 60 വയസുള്ള ആരോഗ്യമുള്ള പുരുഷന്മാരുടെ രണ്ട് ഗ്രൂപ്പുകളാണ് പഠനത്തിന് വിധേയമാക്കിയത്. അതിൽ ഒരു ഗ്രൂപ്പ് വർഷത്തിൽ മൂന്ന് തവണ വീതം 40 വർഷം രക്തം ദാനം ചെയ്തു.
മറ്റേ ഗ്രൂപ്പ് ജീവിതത്തിൽ ആകെ അഞ്ച് തവണ മാത്രമേ രക്തം ദാനം ചെയ്തിട്ടുള്ളൂ. രണ്ട് ഗ്രൂപ്പുകളും താരതമ്യം ചെയ്തതിന്റെ റിപ്പോർട്ട് ഗവേഷകരെ അമ്പരിപ്പിച്ചു. പതിവായി രക്തദാനം ചെയ്യുന്നത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. അതിലൂടെ ഹൃദ്രോഗ സാധ്യതയും ചിലതരം കാൻസറുകൾക്കുള്ള സാധ്യതയും കുറഞ്ഞു. രക്തം ദാനം ചെയ്യുന്നത് പുതിയ രക്തകോശങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും അതിലൂടെ പ്രതിരോധശേഷി വർധിക്കുകയും ചെയ്യുന്നുവത്രേ.
Discussion about this post