ന്യൂഡൽഹി: പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ വിദ്യാർത്ഥി അറസ്റ്റിൽ. ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ ഹസ്‌റത്ത് മുക്കറബീൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഒക്ടോബർ 22 ന് ഉണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ദീപാവലി ആയിരുന്നു അന്നേദിവസം. ഇതിനോട് അനുബന്ധിച്ച് സർവ്വകലാശാലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിനിടെ മുക്കറബീൻ പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കുകയായിരുന്നു. പലസ്തീൻ സിന്ദാബാദ് എന്നും, അല്ലാഹു അക്ബർ എന്നുമായിരുന്നു മുക്കറബീൻ മുദ്രാവാക്യം വിളിച്ചത്. ഇത് ഒരു സംഘം വിദ്യാർത്ഥികൾ ചോദ്യം ചെയ്തതോടെ ക്യാമ്പസിൽ സംഘർഷം ഉണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥികൾ പോലീസിൽ മുക്കറബീനെതിരെ പരാതി നൽകി.
ഡൽഹി പോലീസിൽ ആയിരുന്നു പരാതി നൽകിയിരുന്നത്. ഇതിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ മുക്കറബീനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ജാമിയ മിലിയ സർവ്വകലാശാലയിലെ 25 ലധികം വിദ്യാർത്ഥികൾക്കെതിരെയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Discussion about this post