മലയാളികൾ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് അഭൂതപൂർവ്വമായ വരവേൽപ്പാണ് ലഭിച്ചത്. ആദ്യ മണുക്കൂറിൽ തന്നെ ഒരു ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റുപോയിരുന്നു.ഇപ്പോഴിതാ എമ്പുരാൻ സിനിമ കാണുന്നവർക്ക് ഒരു പ്രത്യേക അറിയിപ്പുമായി രംഗത്തെത്തിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്.
സിനിമ തീർന്നയുടൻ തന്നെ തിയേറ്റർ വിട്ടു പോകരുതെന്നും എൻഡ് ക്രെഡിറ്റുകൾ സൂക്ഷ്മതയോടെ വായിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. ‘മൂന്നാം ഭാഗം പിന്നേയും പുതിയൊരു ലോകത്തേക്കാണ് കൊണ്ടുപോകുന്നത്. രണ്ടാം ഭാഗം കാണുമ്പോൾ മനസിലാവും. എനിക്കൊരു അപേക്ഷയുണ്ട്. എമ്പുരാൻറെ എൻഡ് ക്രെഡിറ്റുകൾ കാണണം. അത് ശ്രദ്ധയോടെ വായിക്കണം. അതിൽ വരുന്ന വാർത്തകളും വാചകങ്ങളും വായിക്കുക. അത് തീരുന്നതിനു മുമ്പ് തിയേറ്റർ വിടരുത്. ആ ലോകം എങ്ങനെയാണ് എന്നതിന്റെ സൂചനയാവും അത്,’ പൃഥ്വിരാജ് പറഞ്ഞു.
ചിത്രത്തിലെ താരനിരയെ കുറിച്ചും പ്രതിഫലത്തെ കുറിച്ചും പൃഥ്വി വെളിപ്പെടുത്തി. മലയാളി താരങ്ങളെ കൂടാതെ, ഗെയിം ഓഫ് ത്രോൺസ് താരം ജെറോം ഫ്‌ലിൻ , ആമീർ ഖാന്റെ സഹോദരി നിതാഖ് ഹെഗ്‌ഡേ, ആൻഡ്രിയ ടിവാടർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നതിനാൽ പ്രതിഫലമായി വമ്പൻ തുക തന്നെ നിർമ്മാതാവ് ചെലവഴിച്ചിട്ടുണ്ടാവുമെന്നാണ് ആരാധകർ പറയുന്നത്.
അഞ്ച് പൈസ പ്രതിഫലം വാങ്ങാതെയാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചത്. ‘100 കോടി മുടക്കി 80 കോടിയും പ്രതിഫലത്തിന് നൽകാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. സിനിമയുടെ ടെക്‌നീഷ്യൻമാരടക്കം പലർക്കും നമ്മൾ ചെയ്യുന്നതിന് വേണ്ടി ഏറ്റവും കൊടുക്കുക എന്ന ചിന്തയായിരുന്നു. സിനിമയിൽ അഭിനയിച്ച വിദേശതാരങ്ങൾക്കടക്കം കൃത്യമായി മനസിലായിരുന്നു എന്താണ് ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന്. ജെറോം ഫ്‌ലിം, ആൻഡ്രിയ എല്ലാവരും ഫേവർ കാണിച്ചുവെന്ന് പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിൻറെ കാസ്റ്റിംഗ് ആരംഭിച്ച സമയത്ത് ഹോളിവുഡിൽ നിന്നും ബ്രിട്ടീഷ്, ചൈനീസ് ഫിലിം ഇൻഡസ്ട്രികളിൽ നിന്നുമൊക്കെയുള്ള ചില വലിയ പേരുകാരെ ഉൾപ്പെടുത്തണമെന്ന് തനിക്ക് ഉണ്ടായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. അവരിൽ പലരുമായും വീഡിയോ കോളിലൂടെ സംസാരിക്കാൻ അവസരം ലഭിച്ചു. പലരും താൽപര്യപൂർവ്വമാണ് ഞങ്ങളുടെ ആവശ്യത്തെ പരിഗണിച്ചത്. എന്നാൽ ഇടനിലക്കാരായ ഏജൻറുമാർ പറയുന്ന പ്രതിഫലം കൊടുക്കാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ 6,45,000 ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ വഴി മാത്രം ഇന്ത്യയിൽ വിറ്റഴിച്ചത്. ഇത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. 24 മണിക്കൂറിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോകുന്നത് ഇതാദ്യമായാണ്.
Discussion about this post