ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പുറത്ത്. ക്ഷേത്ര നിർമ്മാണത്തിന്റെ ചുമതലയുള്ള ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്. നിലവിൽ ക്ഷേത്രത്തിന്റെ രണ്ടാം നില പൂർത്തീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള സൗകര്യമാണ് രണ്ടാം നിലയിൽ ഒരുങ്ങുന്നത്. ഇതിന് പുറമേ ഇവിടെ രാമായണവുമായി ബന്ധപ്പെട്ട് കിടക്കുന്ന വസ്തുക്കളും പ്രദർശിപ്പിക്കും. വിവിധ ഭാഷകളിലുള്ള രാമായണം, ഏറ്റവും പഴക്കമുള്ള രാമായണം എന്നിവയായിരിക്കും പ്രദർശിപ്പിക്കുക. കഴിഞ്ഞ വർഷം തന്നെ ഒന്നാം നിലയോടൊപ്പം രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിക്കാൻ ആയിരുന്നു ശ്രമിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് ഇതിന് കഴിയാതെ വരികയായിരുന്നു. രാമക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകിയതിന് ശേഷം ആയിരുന്നു രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
രണ്ടാം നിലയ്ക്ക് അകത്തും പുറത്തും നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിലവിൽ 500 ൽ അധികം തൊഴിലാളികളാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്.
നിർമ്മണം ആരംഭിച്ചത് മുതൽ ഈ നിമിഷം വരെ കൃത്യമായ രീതിയിലാണ് രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത് എന്ന് ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്ര പറഞ്ഞു. ഓരോ നിർമ്മാണം പൂർത്തിയാക്കുന്നതിനും പ്രത്യേക സമയക്രമം പാലിക്കുന്നുണ്ട്. സമയം മാത്രമല്ല നിർമ്മാണത്തിന്റെ ഗുണമേന്മയും ഉറപ്പുവരുത്താൻ കഴിയുന്നുണ്ട്. ഇനി നാല് ശതമാനം പണിയാണ് ഇനി പൂർക്കീകരിക്കാൻ ബാക്കിയുള്ളത്. ജൂണാകുമ്പോഴേയ്ക്കും അത് പൂർത്തിയാകും. തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ യോഗത്തിൽ ഇതേക്കുറിച്ച് ചർച്ച ചെയ്തിരുന്നു. എന്ത് വിലകൊടുത്തും ജൂണോടെ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post