ആലപ്പുഴ: സംസ്ഥാനത്ത് ആയുർദൈർഘ്യം കൂടിയത് പെൻഷൻ വിതരണത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് എന്ന് മന്ത്രി സജി ചെറിയാൻ. ഇത് സർക്കാരിന് പെൻഷൻ ബാദ്ധ്യത കൂട്ടി. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ സ്വാഗതസംഘം രൂപവത്കരണ യോഗം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷക്കണക്കിന് പേരാണ് കേരളത്തിൽ പെൻഷൻ പറ്റുന്നത്. ഇതിൽ 100 വയസ്സുവരെ ജീവിക്കുന്നവർ ഉണ്ട്. മരണസംഖ്യ വളരെ കുറവാണ്. ആരോഗ്യപരിപാലനത്തിൽ കേരളം മുൻപന്തിയിൽ ആയതാണ് ഇതിന് കാരണം. ആളുകൾ ദീർഘകാലം ജീവിക്കുന്നത് സർക്കാരിൽ പെൻഷൻ ബാദ്ധ്യത വർദ്ധിപ്പിച്ചു.
അതിനർത്ഥം എല്ലാവരും മരിക്കണം എന്നല്ല. 94 വയസ്സായ എന്റെ അമ്മയും പെൻഷൻ വാങ്ങുന്നുണ്ട്. എന്തിനാണ് നിങ്ങൾക്ക് പെൻഷൻ എന്ന് ഞാൻ ചോദിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ വ്യക്തമാക്കി.
എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ അധ്യക്ഷനായി. ആർ. നാസർ, സി.ബി. ചന്ദ്രബാബു, പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, എ.എം. ആരിഫ്, പി.ഡി. ജോഷി, കെ.ജി. രാജേശ്വരി, കെ.കെ. ജയമ്മ, പി. ഗാനകുമാർ, എം.എ. അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Discussion about this post