തിരുവനന്തപുരം; തിരഞ്ഞെടുപ്പിൽ കൂടുതൽ തവണ മത്സരിച്ചതിന് തന്നെ വേട്ടയാടുകയാണെന്ന് കോൺഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷിന്റെ വെളിപ്പെടുത്തൽ.ദളിതനായതു കൊണ്ട് താൻ അവഗണിക്കപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു. ദളിത് പ്രോഗ്രസ് കോൺക്ലേവ് പരിപാടിയിലായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ തുറന്നുപറച്ചിൽ. രമേശ് ചെന്നിത്തലയും വി.ഡി.സതീശനുമുള്ള വേദിയിലാണ് കൊടിക്കുന്നിലിൻറെ ഈ പരാമർശങ്ങളത്രയും.
താൻ നിൽക്കുന്നത് വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. കാരണം തുറന്നു പറഞ്ഞാൽ വിവാദമായേക്കാം. ശത്രുക്കൾ കൂടിയേക്കാം. പ്രസംഗിച്ചാൽ പലതും തുറന്ന് പറയേണ്ടി വരും. അതുകൊണ്ട് പ്രസംഗം എഴുതിക്കൊണ്ടാണ് വന്നത്. സംവരണ മണ്ഡലത്തിൽ തുടർച്ചയായി ജയിക്കുക എളുപ്പം അല്ലായിരുന്നു.എട്ട് തവണ ജയിക്കാൻ മറ്റാർക്കും സാധിച്ചിട്ടില്ല. എന്നാൽപല തരത്തിലുള്ള ആക്രമണം നേരിട്ടു. തനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പിടിച്ചു നിൽക്കില്ലായിരുന്നെന്നും കൊടിക്കുന്നിൽ പറഞ്ഞു.
പാർട്ടി അവശ്യപ്പെട്ടത് കൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. താൻ നിന്നില്ലെങ്കിൽ ജയിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. തന്നെക്കാൾ കൂടുതൽ കാലം എംപിയായവരുണ്ട്. അവരെ ആരുമൊന്നും പറയാറില്ല. തന്നെ മാത്രമാണ് വേട്ടയാടുന്നത്. കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.
Discussion about this post