റായ്പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഗഡിലെ ദന്തേവാഡ, ബിജാപൂർ ജില്ലകൾക്കിടയിലുള്ള അതിർത്തിയിലുള്ള വനത്തിലാണ് ഏറ്റുമുട്ടൽ സംഭവിച്ചത്.
തിങ്കളാഴ്ച പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. ഈ തിരച്ചലിനിടെ വനത്തിൽ വെച്ചാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇതിൽ മൂന്ന് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സംഭവ സ്ഥലത്തും പരിസര പ്രദേശങ്ങളിലും തീവ്രമായ തിരച്ചിൽ തുടരുകയാണ് എന്ന് ദന്തേവാഡ പോലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ആയുധങ്ങളും മറ്റ് വസ്തുക്കളും കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച ഛത്തീസ്ഗഡിലെ ബിജാപൂർ, കാങ്കർ ജില്ലകളിൽ വെടിവെയ്പ്പ് നടന്നിരുന്നു. ഇതിൽ നിരവധി ഭീകരരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. 2026 മാർച്ച് 31-നകം ഇടതുപക്ഷ കലാപം അവസാനിപ്പിക്കുക എന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ഛത്തീസ്ഗഡിൽ നിരവധി കമ്യൂണിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. 2024-ൽ ഛത്തീസ്ഗഡിൽ 219 ഭീകരർ കൊല്ലപ്പെട്ടു, 2023-ൽ 22 ഉം 2022-ൽ 30 ഉം ആയിരന്നു എന്നാണ് റിപ്പോർട്ട്.
ഈ വർഷം രാജ്യത്തുടനീളം 113 ഭീകരർ കൊല്ലപ്പെട്ടതായും 104 പേരെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 164 പേർ കീഴടങ്ങുകയും ചെയ്തു.
Discussion about this post