ലക്‌നൗ: ഉത്തർപ്രദേശിൽ തണുത്ത ചായ നൽകിയെന്ന് ആരോപിച്ച് ഉടമയ്ക്ക് നേരെ വെടിയുതിർത്ത് യുവാവ്. എറ്റയിലാണ് സംഭവം. സിന്ധി കോളനിയിൽ കഫെ നടത്തുന്ന സുനിൽകുമാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഗംഗാനഗർ സ്വദേശി രവിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രാത്രി സുഹൃത്തിനൊപ്പം സുനിൽകുമാറിന്റെ കടയിൽ എത്തിയതായിരുന്നു രവി. ചായ ആയിരുന്നു ഇവർ ഓർഡർ ചെയ്തത്. ഇത് പ്രകാരം സുനിൽകുമാർ ചായ നൽകി. എന്നാൽ ഇത് കുടിച്ച ശേഷം രവി പണം നൽകാതെ മടങ്ങാൻ ശ്രമിക്കുകയായിരുന്നു.
ഇത് കണ്ട സുനിൽകുമാർ രവിയെ തടുത്തു. ഇതോടെ സുനിൽകുമാറിനെ രവി അസഭ്യം പറയുകയായിരുന്നു. ഇതോടെ സ്ഥലത്ത് വാക്ക് തർക്കം ആയി. വീണ്ടും പണം ചോദിച്ചപ്പോൾ നൽകാൻ കഴിയില്ലെന്ന് രവി പറയുകയായിരുന്നു. തണുത്ത ചായയാണ് തനിക്ക് നൽകിയത് എന്നും ഇതിന് പണം നൽകാൻ കഴിയില്ലെന്നും രവി പറയുകയായിരുന്നു. എന്നാൽ പോകാൻ സുനിൽകുമാർ സമ്മതിച്ചില്ല. ഇതോടെ വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിയും സുഹൃത്തും രക്ഷപ്പെട്ടു.
സുനിൽകുമാറിന്റെ വയറിന് ആയിരുന്നു വെടിയേറ്റത്. ഇതോടെ അദ്ദേഹം നിലത്ത് വീഴുകയായിരുന്നു. നിലവിൽ സ്ഥലത്തെ മെഡിക്കൽ കോളേജിൽ ആണ് സുനിൽകുമാർ ചികിത്സയിൽ കഴിയുന്നത്. ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post