ന്യൂഡൽഹി: അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയെ നിരന്തരം അപമാനിക്കുന്നുവെന്നും രാജ്യത്തിനെതിരെ അജണ്ട വച്ച് പ്രവർത്തിക്കുന്ന സ്ഥാപനം എന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിമർശിച്ചിരിക്കുന്നത്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ അടിച്ചമർത്തൽ നേരിടുന്നുവെന്ന് മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയ്ക്ക് ഉപരോധം വേണമെന്നും റിപ്പോർട്ട് നിർദ്ദേശിച്ചിരുന്നു. എന്നാൽ റോയെയല്ല, മറിച്ച് യുഎസ് കമ്മീഷനെയാണ് നിയന്ത്രിക്കേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
രാജ്യത്ത് ന്യൂനപക്ഷങ്ങൾ മോശമായ പെരുമാറ്റം നേരിടുന്നുണ്ടെന്ന് ആരോപിക്കുന്ന യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആർഎഫ്) റിപ്പോർട്ട് തള്ളിയ ഇന്ത്യ, അതിനെ ‘ആശങ്കാജനകമായ ഒരു സ്ഥാപനം’ ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും ഒരു ദീപസ്തംഭമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം തകർക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യ്ക്തമാക്കി.. ഏറ്റവും പുതിയ യുഎസ്സിഐആർഎഫ് റിപ്പോർട്ട് ‘പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമായ വിലയിരുത്തലുകൾ’ പുറപ്പെടുവിക്കുന്ന രീതി തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
‘ഒറ്റപ്പെട്ട സംഭവങ്ങളെ തെറ്റായി ചിത്രീകരിക്കാനും ഇന്ത്യയുടെ ഊർജ്ജസ്വലമായ ബഹുസ്വര സമൂഹത്തെ അധിക്ഷേപിക്കാനുമുള്ള അമേരിക്കൻ മതസ്വതന്ത്ര്യ കമ്മീഷഷന്റെ നിരന്തരമായ ശ്രമങ്ങൾ മതസ്വാതന്ത്ര്യത്തോടുള്ള യഥാർത്ഥ ആശങ്കയെക്കാൾ ബോധപൂർവമായ ഒരു അജണ്ടയെ പ്രതിഫലിപ്പിക്കുന്നു.. വാസ്തവത്തിൽ, അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനെയാണ് ആശങ്കാജനകമായ ഒരു സ്ഥാപനമായി കാണേണ്ടതെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post