ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷം ടീം ഇന്ത്യയുടെ പ്രകടനങ്ങളിൽ വലിയ കയറ്റിറക്കങ്ങളാണ് ഉണ്ടായിരിക്കുന്നത്. ടി20 ഫോർമാറ്റിൽ ഗംഭീറിന് കീഴിൽ ഇന്ത്യ അപരാജിത കുതിപ്പ് തുടരുമ്പോൾ, ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ നേരിട്ട കനത്ത പരാജയങ്ങൾ ആരാധകരെയും വിദഗ്ധരെയും ഒരുപോലെ ആശങ്കയിലാക്കുന്നു.
ശ്രീലങ്കൻ പര്യടനത്തിലൂടെയാണ് ഗംഭീർ തന്റെ കരിയർ ആരംഭിച്ചത്. അന്ന് ഏകദിന പരമ്പരയിൽ 27 വർഷത്തിന് ശേഷം ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ഒരു ഏകദിന പരമ്പര (2-0) തോറ്റു. അവിടെയുള്ള തോൽവിയിൽ തളരാതെ സൂര്യകുമാർ യാദവിനെ ക്യാപ്റ്റനാക്കി ഇന്ത്യ 3-0 ന് പരമ്പര തൂത്തുവാരി. ബൗളർമാരെക്കൊണ്ട് ബാറ്റ് ചെയ്യിക്കുന്നതും ഫീൽഡിംഗിൽ വരുത്തിയ അഗ്രസീവ് മാറ്റങ്ങളും ഗംഭീറിന്റെ മുദ്ര പതിപ്പിച്ചു. ഇത് കൂടാതെ അദ്ദേഹം ചുമതല ഏറ്റെടുത്ത ശേഷം ഒരു ടി 20 പരമ്പര പോലും ഇന്ത്യ കൈവിട്ടിട്ടില്ല.
ഏകദിനത്തിലേക്ക് വന്നാൽ ചാമ്പ്യൻസ് ട്രോഫി ജേതാക്കളായെങ്കിലും ഓസ്‌ട്രേലിയയിൽ നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യ 2-1 ന് പരാജയപ്പെട്ടു. ഇന്നലെ സമാപിച്ച ഇൻഡോർ ഏകദിനത്തിലെ തോൽവിയോടെ 2-1 ന് ന്യൂസിലൻഡ് പരമ്പര സ്വന്തമാക്കി. 37 വർഷത്തിന് ശേഷമാണ് ന്യൂസിലൻഡ് ഇന്ത്യയിൽ ഒരു ഏകദിന പരമ്പര നേടുന്നത്. രാജ്‌കോട്ടിലും ഇൻഡോറിലുമായിരുന്നു ഇന്ത്യയുടെ തോൽവികൾ.
റെഡ് ബോൾ ക്രിക്കറ്റിലാണ് ഗംഭീർ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടുന്നത്. അദ്ദേഹത്തിന് കീഴിൽ ഇന്ത്യ മൂന്ന് ടെസ്റ്റ് പരമ്പരകൾ ഇതിനകം പരാജയപ്പെട്ടു. സ്വന്തം മണ്ണിൽ ഇന്ത്യ 3-0 ന് വൈറ്റ്വാഷ് ചെയ്യപ്പെട്ടു. ബംഗളൂരു, പൂനെ, മുംബൈ ടെസ്റ്റുകളിൽ ഇന്ത്യ പരാജയപ്പെട്ടു. 12 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ നാട്ടിൽ ഒരു ടെസ്റ്റ് പരമ്പര തോൽക്കുന്നത്. ഇത് കൂടാതെ ഓസ്‌ട്രേലിയയിൽ നടന്ന പരമ്പരയിൽ ഇന്ത്യ 3-1 ന് തോൽവി ഏറ്റുവാങ്ങി. പെർത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. നാട്ടിൽ നടന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ കൊൽക്കത്തയിലും ഗുവാഹത്തിയിലും തോറ്റ് ഇന്ത്യ 2-0 ന് വൈറ്റ്വാഷ് ചെയ്യപ്പെട്ടു.
ഗംഭീർ പരിശീലകനായ ശേഷം സ്പിൻ പിച്ചുകളിൽ ഇന്ത്യൻ ബാറ്റർമാർ പതറുന്നത് വലിയ ചർച്ചയാകുന്നുണ്ട്. ടെസ്റ്റിലെ മോശം റെക്കോർഡുകൾ കാരണം അദ്ദേഹത്തെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാൻ ബിസിസിഐ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.













Discussion about this post