ഇന്ത്യയും യുഎഇയും തമ്മിലുള്ള സുദൃഢമായ ബന്ധത്തിന് പുതിയ ഊർജ്ജം പകർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിലെത്തി. വെറും രണ്ട് മണിക്കൂർ മാത്രം നീണ്ടുനിന്ന സന്ദർശനമായിരുന്നിട്ടും, പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചത് ലോകരാജ്യങ്ങളുടെ ശ്രദ്ധയാകർഷിച്ചു.
വിമാനത്താവളത്തിൽ വെച്ച് ഇരുനേതാക്കളും പരസ്പരം ആലിംഗനം ചെയ്ത ദൃശ്യങ്ങൾ, ഭാരതവും യുഎഇയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ആഴം വ്യക്തമാക്കുന്നതായിരുന്നു.
“എന്റെ സഹോദരൻ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വാഗതം ചെയ്യാൻ ഞാൻ വിമാനത്താവളത്തിൽ പോയി. ഭാരതവുമായുള്ള സുഹൃദ്‌ബന്ധത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യമാണ് ഈ സന്ദർശനം വ്യക്തമാക്കുന്നത്. ഞങ്ങളുടെ ചർച്ചകൾക്കായി ഞാൻ കാത്തിരിക്കുന്നു,” മോദി കുറിച്ചു.
പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഭാരതത്തിന്റെ സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സന്ദർശനം അതീവ പ്രാധാന്യമർഹിക്കുന്നു.
വികസനവും സുരക്ഷയും ചർച്ചയായി കുറഞ്ഞ സമയത്തിനുള്ളിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രതിരോധം, വ്യാപാരം, ഊർജ്ജം തുടങ്ങിയ നിർണ്ണായക മേഖലകളിലെ സഹകരണം ഇരുനേതാക്കളും അവലോകനം ചെയ്തു. ഭാരതവും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇതിനകം 100 ബില്യൺ ഡോളർ കവിഞ്ഞിരിക്കുകയാണ്. ‘സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ’ (CEPA) ഇതിന് വലിയ കരുത്തേകി.
ഭാരതത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ യുഎഇ വലിയ പങ്കുവഹിക്കുന്നു. തന്ത്രപരമായ പെട്രോളിയം കരുതൽ ശേഖരത്തിൽ യുഎഇയുടെ നിക്ഷേപം ഭാരതത്തിന് കരുത്താണ്.













Discussion about this post