ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ നടന്നുകൊണ്ടിരിക്കുന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ ഒരു സൈനികന് വീരമൃത്യു. കിഷ്ത്വാറിലെ ഛത്രു പ്രദേശത്ത് വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടുന്നതിനായി ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സും ജമ്മു കശ്മീർ പോലീസും ചേർന്ന് നടത്തുന്ന ഓപ്പറേഷൻ ട്രാഷി -1 ലാണ് ഒരു സൈനികൻ വീരമൃത്യു വരിച്ചത്. ഇന്ത്യൻ ആർമി സ്പെഷ്യൽ ഫോഴ്‌സ് (എസ്എഫ്) പാരാട്രൂപ്പർ ഹവിൽദാർ ഗജേന്ദ്ര സിംഗ് ആണ് വീരമൃത്യു വരിച്ചതെന്ന് സൈന്യം അറിയിച്ചു.
ഇടതൂർന്ന വനമേഖലയിൽ ഒളിച്ചിരിക്കുന്ന ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരർക്കായി ഇന്നലെ മുതൽ സൈന്യം തിരച്ചിൽ തുടരുകയായിരുന്നു. ഈ ഭീകരവിരുദ്ധ ദൗത്യത്തിലാണ് സൈനികന് നേരെ ആക്രമണം ഉണ്ടായത്. വനത്തിൽ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് തിരച്ചിൽ ശക്തമാക്കിയ സൈന്യത്തിന് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. ഈ ആക്രമണത്തിൽ 8 സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികരെ വനത്തിനുള്ളിൽ നിന്നും എയർ ലിഫ്റ്റ് ചെയ്തിരുന്നു.
ഏറെ ദുഷ്കരമായ വനമേഖലയിലാണ് സൈന്യത്തിന്റെ ഭീകരവിരുദ്ധ ഓപ്പറേഷൻ തുടരുന്നത്. വനത്തിനുള്ളിൽ രണ്ടോ മൂന്നോ ഭീകരർ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം. ജമ്മു കശ്മീർ പോലീസിന്റെയും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെയും (സിആർപിഎഫ്) ടീമുകൾ ഉൾപ്പെടെ സുരക്ഷാ സേനകൾ ഇപ്പോൾ പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രദേശം മുഴുവൻ വളഞ്ഞിട്ടുണ്ടെന്നും പ്രദേശത്തിന്റെ നിയന്ത്രണം നിലനിർത്താൻ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും വൈറ്റ് നൈറ്റ് കോർപ്സ് ഒരു എക്സ് പോസ്റ്റിലൂടെ അറിയിച്ചു. കിഷ്ത്വാറിൽ കുടുങ്ങിക്കിടക്കുന്ന തീവ്രവാദികളെ കണ്ടെത്താൻ അധികൃതർ ഡ്രോണുകളും സ്നിഫർ നായ്ക്കളും ഉപയോഗിക്കുന്നുണ്ടെന്നും വൈറ്റ് നൈറ്റ് കോർപ്സ് അറിയിച്ചു.










Discussion about this post