മുംബൈ: നടി ഐശ്വര്യ റായുടെ ആഡംബര കാറും ബസും തമ്മിൽ ഇടിച്ച് അപകടം. മുംബൈയിലെ ജുഹുവിൽവച്ചായിരുന്നു സംഭവം. അപകടത്തിൽ താരം പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഐശ്വര്യ റായ് സഞ്ചരിച്ച വാഹനത്തിന് പുറകിലായി ബ്രിഹാൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് ഇടിയ്ക്കുകയായിരുന്നു. ജുഹുവിൽ നിന്നും പോകുകയായിരുന്നു ബസ്. സഞ്ചരിക്കുന്നതിനിടെ ഐശ്വര്യറായുടെ കാറിൽ ബസിന്റെ മുൻഭാഗം ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. എന്നാൽ കാറിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് അപകടത്തിന്റെ വിവരം പുറത്തറിഞ്ഞത്. ഇതോടെ ഐശ്വര്യ റായുടെ സുഖവിവരം ആരാഞ്ഞ് ആളുകൾ രംഗത്ത് എത്തി.
അതേസമയം ഐശ്വര്യ റായുടെ സുരക്ഷാ അംഗം ബസ് ഡ്രൈവറോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബിഇഎസ്ടി അധികൃതർ രംഗത്ത് എത്തി. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ പരിഭ്രാന്തനായി പുറത്തേക്ക് ഇറങ്ങി. ഇയാളെ ഐശ്വര്യ റായുടെ സുരക്ഷാ അംഗം മർദ്ദിക്കുകയായിരുന്നു. ബസ് ഡ്രൈവറാണ് പോലീസിനെ അപകട വിവരം അറിയിച്ചത്. ഉടനെ പോലീസ് എത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു.
Discussion about this post