കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കള്ളക്കടത്ത് സംഘവുമായുള്ള ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന് പരിക്ക്. ബിഎസ്എഫ് കോൺസ്റ്റബിൾ ലളിത് റൗത്തിനാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. നോർത്ത് ബംഗാളിലെ സിലിഗുരി സെക്ടർ വഴി കന്നുകാലികളെ കടത്താൻ കള്ളക്കടത്ത് സംഘം ശ്രമിക്കുന്നതായി ബിഎസ്എഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു ജാവാന്മാർ. ഇവർ എത്തി അൽപ്പ നേരത്തിന് ശേഷം കന്നുകാലികളുമായി അന്താരാഷ്ട്ര അതിർത്തി കടന്ന് ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് സംഘം എത്തി. ഉടനെ ഇവരെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. ബിഎസ്എഫ് ജവാന്മാരെ കണ്ട കള്ളക്കടത്ത് സംഘം ഓടിയൊളിച്ചു.
ഉപേക്ഷിക്കപ്പെട്ട കന്നുകാലികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു ജവാന്മാർ. ഇതിനിടെ മറഞ്ഞിരുന്ന കള്ളക്കടത്ത് സംഘത്തിലെ കണ്ണി ജവാന്മാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ലളിത് ഇയാളെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ ലളിത് അടുത്തെത്തിയതോടെ ബംഗ്ലാദേശി കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന് തലയ്ക്ക് പരിക്കേറ്റു. വേദനകൊണ്ട് പുളഞ്ഞെങ്കിലും ബംഗ്ലാദേശിയെ ലളിത് പിടികൂടി സഹപ്രവർത്തകർക്ക് കൈമാറി. ഇതിന് പിന്നാലെ ലളിതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ബംഗ്ലാദേശിയുടെ പക്കൽ നിന്നും തോക്കും വെടിയുണ്ടയും ഫോണും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ബിഎസ്എഫ് അറിയിച്ചു.
Discussion about this post