ന്യൂഡൽഹി: 2014 മുതൽ 2024 വരെ 1.57 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ കേരളത്തിന് നൽകിയതെന്ന് കേന്ദ്രധമന്ത്രി നിർമ്മലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ മറ്റാരും കേരളത്തെ പിന്തുണച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.പാലക്കാട് വ്യവസായമേഖല, കണ്ണൂർ വിമാനത്താവളം, കോട്ടയം ഗ്രീൻഫീൽഡിന് അനുമതി, 1300 കിലോമീറ്റർ ദേശീയപാത, വാട്ടർ മെട്രോ, 27 കിലോമീറ്റർ കൊച്ചി മെട്രോ തുടങ്ങിയവയൊക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അനുവദിച്ചതെന്ന് നിർമലാ സീതാരാമൻ പറഞ്ഞു.
കേരളത്തോട് വിവേചനംകാണിക്കുന്നുവെന്ന സ്ഥിരം പല്ലവി വേദനിപ്പിക്കുന്നതാണെന്നും ധനമന്ത്രി പറഞ്ഞു. കടമെടുക്കൽപരിധി ഉയർത്താൻ കേരളം സുപ്രീംകോടതിയെ സമീപിച്ചപ്പോൾ കോടതി പറഞ്ഞത് സംസ്ഥാനം നിയന്ത്രണമില്ലാതെയുണ്ടാക്കിയ സാമ്പത്തികദുരന്തത്തിന് കേന്ദ്രത്തിന് ബാധ്യതയില്ലെന്നാണെന്ന് മന്ത്രി വ്യക്തമാക്കി.
യുപിഎ കാലത്തെക്കാൾ 239 ശതമാനം കൂടുതലാണ് മോദിസർക്കാർകാലത്ത് ലഭിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 46,300 കോടിയാണ് 2004 മുതൽ 2014 വരെയുള്ള യുപിഎ കാലത്ത് കേരളത്തിന് കിട്ടിയത്. ഫിനാൻസ് കമ്മിഷന്റെ ശുപാർശപ്രകാരമുള്ളതെല്ലാം നൽകി. ഗ്രാന്റുകൾ 509 ശതമാനം കൂട്ടി. യുപിഎ കാലത്ത് 25,630 കോടിയാണ് ലഭിച്ചത്. ധനകാര്യ കമ്മിഷൻ ശുപാർശ നൽകാതെ കോവിഡിനുശേഷം സാമ്പത്തികമായി സംസ്ഥാനങ്ങളെ സഹായിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം 50 കൊല്ലത്തേക്ക് പലിശയില്ലാത്ത വായ്പയായി കേരളത്തിന് 2715 കോടി സഹായം നൽകി. കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് സിഎജി 2024-ലിറക്കിയ റിപ്പോർട്ടിൽ പറയുന്നത് 2022-23-കാലത്ത് 97.88 ശതമാനം കടമെടുപ്പും നേരത്തേയുള്ള കടം വീട്ടാനാണെന്നാണ്. 2023-24-കാലത്ത് കേരളത്തിന് അനുവദിച്ച 94,649 കോടി രൂപ ശമ്പളം, പലിശ, പെൻഷൻ എന്നിവ നൽകാനാണ്. വരുമാനത്തിന്റെ 74 ശതമാനം വരുമിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post