തിരുവനന്തപുരം: മധ്യവേനൽ അവധി ആരംഭിക്കാനിരിക്കെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് എംവിഡി ഫേസ്ബുക്കിൽ കുറിച്ചു. വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്‌നേഹം കാണിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
നിയമംലംഘിച്ച് വാഹനമോടിച്ചതിന് പിടിയിലായാൽ പിന്നെ 25 വയസ്സ് തികഞ്ഞാലേ ലേണേഴ്‌സ് ലൈസൻസിന് യോഗ്യതയുണ്ടാവൂ. മോട്ടോർ വാഹന വകുപ്പിന്റേതാണ് മുന്നറിയിപ്പ്. കുട്ടിക്ക് മാത്രമല്ല, രക്ഷിതാവിനും ശിക്ഷ ലഭിക്കും. രക്ഷിതാവിന് പരമാവധി മൂന്നുവർഷംവരെ തടവും 25,000 രൂപവരെ പിഴയുമാണ് ലഭിക്കുക. നിയമലംഘനം നടത്തിയതിന് വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഒരുവർഷത്തേക്ക് റദ്ദാക്കും. മധ്യവേനൽ അവധിക്കായി വിദ്യാലയങ്ങൾ അടയ്ക്കുന്നതിനാൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുതിർന്ന സുഹൃത്തുക്കളുടെയുമൊക്കെ പേരിലുള്ള വാഹനവുമായി കുട്ടി ഡ്രൈവർമാർ റോഡിലിറങ്ങാൻ സാധ്യത കൂടുന്നതിനാലാണീ മുന്നറിയിപ്പ്.
കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019 ൽ 11,168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ കൊല്ലപ്പെട്ടതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. 2019-ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്‌കരിച്ചപ്പോൾ ഏറ്റവും കഠിനമായ ശിക്ഷ ജുവനൈൽ ഡ്രൈവിങ്ങിന് ഏർപ്പെടുത്തിയത് ഇക്കാരണംകൊണ്ടാണ്. എന്നാൽ സാധാരണ ജനങ്ങൾക്ക് അതിന്റെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല. കണക്കുകൾ സൂചിപ്പിക്കുന്നത് ഇതാണെന്നും എംവിഡി കൂട്ടിച്ചേർത്തു.
Discussion about this post