ന്യൂഡൽഹി : അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞിരുന്ന ആറ് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ. ഡൽഹിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ട്രാൻസ്ജെൻഡറുകളുടെ വേഷത്തിൽ ഭിക്ഷാടനം നടത്തിയാണ് ഇവർ ഡൽഹിയിൽ കഴിഞ്ഞു വന്നിരുന്നത്. വെള്ളിയാഴ്ച നോർത്ത് വെസ്റ്റ് ജില്ലാ പോലീസ് ആറുപേരെയും അറസ്റ്റ് ചെയ്തു.
മൈന ഖാൻ എന്ന മുഹമ്മദ് സക്കറിയ, സുഹാന ഖാന എന്ന സൗരഭ്, അഖി സർക്കാർ, പഖി എന്ന മുഹമ്മദ് ഖാൻ, മുഹമ്മദ് റാണ, ജാനി എന്ന ജിമ്മി ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. ബംഗ്ലാദേശിലെ ബർഗുണ, ഗാസിപൂർ, നൗഗാവ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ഒരു ഏജന്റ് വഴി അനധികൃതമായാണ് ഇവർ ഇന്ത്യയിലേക്ക് കടന്നത്. ഡൽഹിയിൽ ജഹാംഗീർപുരി പ്രദേശത്താണ് പ്രതികൾ താമസിച്ചിരുന്നത്.
ട്രാഫിക് സിഗ്നലുകളിൽ ട്രാൻസ്ജെൻഡറുകളുടെ വേഷത്തിൽ യാചന നടത്തി വരികയായിരുന്നു ഇവർ. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിരോധിത ആപ്പ് ഡൗൺലോഡ് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഈ ആപ്പ് വഴിയാണ് പ്രതികൾ ബംഗ്ലാദേശിലുള്ള ബന്ധുക്കളുമായി സംസാരിക്കാറുണ്ടായിരുന്നത്. നിലവിൽ പ്രതികളെ നാടുകടത്തൽ നടപടികൾക്കായി എഫ്ആർആർഒയ്ക്ക് കൈമാറിയതായി ഡൽഹി പോലീസ് അറിയിച്ചു.
Discussion about this post