റായ്പൂർ: ഛത്തീസ്ഗഡിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകര വേട്ട നടത്തി സുരക്ഷാ സേന. 16 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. സുക്മ ജില്ലയിലെ കേളപാൽ മേഖലയിൽ ആയിരുന്നു സംഭവം. ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് പരിശോധന തുടരുകയാണ്.
ഇന്നലെ രാത്രിയോടെയായിരുന്നു പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരെ കണ്ടതായി പ്രദേശവാസികളിൽ ചിലർ സുരക്ഷാ സേനയെ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. തുടർന്ന് പ്രദേശത്ത് എത്തി പരിശോധന നടത്തുന്നതിനിടെ ഭീകരർ ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ഭീകരരുടെ ഭാഗത്ത് നിന്നും ഉണ്ടായ ആക്രമണത്തിൽ രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സും ചേർന്നാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. മണിക്കൂറുകളോളം ഏറ്റുമുട്ടൽ തുടർന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിന് പുറമേ രണ്ട് എ.കെ 47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.
പരിക്കേറ്റ സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ഈ മാസം 20 ന് ബിജാപൂരിലും കൻകറിലുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 30 ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. തുടർന്നും ഭീകരർക്കെതിരെ കർശന നടപടി സുരക്ഷാ സേന സ്വീകരിക്കും.
Discussion about this post