നയ്പിഡോ: മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ മരണ സംഖ്യ ആയിരം കവിഞ്ഞു. ഇതുവരെ 1002 പേരുടെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഭൂകമ്പ ബാധിത മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അതിനാൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത.
2,378 പേർക്ക് പരിക്കേറ്റു എന്നാണ് ഔദ്യോഗിക കണക്കുകൾ. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും ആരോഗ്യനില അതീവ ഗുരുതരമാണ്. മണ്ഡലായി മേഖലയിൽ മാത്രം 68 പേരെ ഭൂചലനത്തിന് പിന്നാലെ കാണാതെ ആയിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. സെൻട്രൽ മ്യാൻമറിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 10,000ത്തോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.
ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ മ്യാൻമറിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്ത് അപ്രതീക്ഷിതമായി ഉണ്ടായ മഹാദുരന്തത്തിൽ അന്താരാഷ്ട്ര സഹായം തേടുകയാണ് മ്യാൻമർ.
ഇന്നലെ ഉച്ചയോടെയാണ് മ്യാൻമറിൽ അതിശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ 14 ചെറു പ്രകമ്പനങ്ങളും ഉണ്ടായി. റിക്ടർ സ്‌കെയിലിൽ 3 മുതൽ 5 വ രെ തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളാണ് ഉണ്ടായത്. തുടർച്ചയായുള്ള ഭൂചലനത്തിൽ നിരവധി ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചു. ഭൂചലനത്തിന്റെ ഭീതി നിറഞ്ഞ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post