ന്യൂഡൽഹി: അക്രമത്തിനും ആയുധങ്ങൾക്കും ഒരിക്കലും മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമാധാനത്തിനും വികസനത്തിനും മാത്രമേ അത് സാദ്ധ്യമാകൂ. അതിനാൽ ആയുധങ്ങൾ കയ്യിലേന്തിയവർ ഉടൻ അത് താഴെവയ്ക്കണം എന്നും അമിത് ഷാ പറഞ്ഞു. സുക്മയിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കമ്യൂണിസ്റ്റ് ഭീകരവാദത്തിന് മേലുള്ള മറ്റൊരു പ്രഹരം എന്ന് പറഞ്ഞുകൊണ്ട് എക്‌സിൽ ആയിരുന്നു അമിത് ഷാ തന്റെ പ്രതികരണം കുറിച്ചത്. സുക്മയിൽ 16 കമ്യൂണിസ്റ്റ് ഭീകരരെ നമ്മുടെ സുരക്ഷാ സേന വധിക്കുകയും വൻ ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2026 മാർച്ച് 31 ന് ഉള്ളിൽ രാജ്യത്ത് നിന്നും കമ്യൂണിസ്റ്റ് ഭീകരവാദത്തെ പൂർണമായും ഇല്ലാതാക്കും.
ആയുധങ്ങളോ അക്രമമോ ഒരിക്കലും മാറ്റം കൊണ്ടുവരില്ല. സമാധാനത്തിനും വികസനത്തിനും മാത്രമാണ് മാറ്റം കൊണ്ടുവരാൻ കഴിയുക. ആയുധം കയ്യിലേന്തി വിപ്ലവത്തിന് ശ്രമിക്കുന്നവർ ഇത് മനസിലാക്കിയാൽ നന്നായി എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് സുക്മ ജില്ലയിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു സുരക്ഷാസേന. ഇതിനിടെ കമ്യൂണിസ്റ്റ് ഭീകരർ ആക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടലിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. 16 ഭീകരരെ ആയിരുന്നു സുരക്ഷാ സേന വധിച്ചത്.
Discussion about this post