ടോകിയോ: ജപ്പാനില്‍ അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ജപ്പാന്റെ പസഫിക് തീരത്തെ നന്‍കായി ട്രഫിലായിരിക്കും ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം. ഈ അതിതീവ്ര ഭൂചലനം സുനാമിക്കും വഴിതെളിച്ചേക്കുമെന്നും മൂന്നുലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നേക്കാമെന്നും വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നന്‍കായി ട്രഫ് എന്നറിയപ്പെടുന്ന മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ എട്ട് മുതല്‍ ഒന്‍പതുവരെ തീവ്രത അനുഭവപ്പെട്ടേക്കാവുന്ന ഭൂചലനത്തിന് എണ്‍പതുശതമാനം സാധ്യതയുണ്ടെന്നാണ് ജപ്പാന്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറ് പസഫിക് തീരത്ത് 900 കിലോമീറ്റര്‍ വിസ്തൃതിയിലാണ് നന്‍കായി ട്രഫ് സ്ഥിതി ചെയ്യുന്നത്.
ലോകത്ത് ഭൂചലനഭീഷണി ഏറ്റവും അധികം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ഫിലിപ്പീന്‍സ് സമുദ്ര ഫലകത്തിന്റെയും യുറേഷ്യന്‍ ഫലകത്തിന്റെയും ചലനങ്ങളാണ് ഈ മേഖലയെ അതിതീവ്ര ഭൂചലനത്തിന് സാധ്യതയുള്ള പ്രദേശമാക്കി മാറ്റുന്നത്. നൂറുമുതല്‍ 150 കൊല്ലത്തിനിടയ്ക്ക് ഒരിക്കല്‍ ഇവിടെ ഭൂചലനം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
തീവ്രത ഒന്‍പത് രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടാകുന്നപക്ഷം പത്തുലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യവും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.തണുപ്പുകാലത്ത് രാത്രി വൈകിയാണ് അതിതീവ്ര ഭൂചലനമുണ്ടാകുന്നതെങ്കില്‍ സുനാമിയെയും കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നതിനെയും തുടര്‍ന്ന് 2,98,000 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരമൊരു ഭൂചലനമുണ്ടായാല്‍, ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് 1.81 ട്രില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post