ന്യൂഡൽഹി : ഹംഗേറിയൻ വംശജനായ യുഎസ് നിക്ഷേപകൻ ജോർജ്ജ് സോറോസ് വഴി ഇന്ത്യൻ എൻജിഒകൾക്ക് അനധികൃത ധനസഹായം ലഭിച്ചതായി കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സോറോസിന്റെ പിന്തുണയുള്ള ഫണ്ടിംഗിൽ വിദേശ നിക്ഷേപ മാനദണ്ഡങ്ങളുടെ ലംഘനം നടന്നിട്ടുണ്ട് എന്ന് ഇ ഡി വ്യക്തമാക്കി. സോറോസ് ഇക്കണോമിക് ഡെവലപ്‌മെന്റ് ഫണ്ടിനെ (എസ്ഇഡിഎഫ്) ഇന്ത്യയിലെ എൻജിഒ മേഖലയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടപാടുകൾ ആണ് അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുള്ളത്.
ഇടത്, ലിബറൽ അജണ്ടകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ യുഎസിൽ ട്രംപ് ഭരണകൂടത്തിന്റെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്‌എഐഡി) എന്ന ഏജൻസിക്കും ഈ ഇടപാടുകളിൽ ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് കമ്പനികൾ സോറോസ് ഇക്കണോമിക് ഡെവലപ്‌മെന്റ് ഫണ്ടിൽ നിന്ന് 25 കോടി രൂപ സ്വീകരിച്ചത് ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ലംഘിച്ചു കൊണ്ടാണെന്ന് ഇ ഡി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ എൻജിഒകളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തി വരുന്നുണ്ട്.
2021 നും 2024 നും ഇടയിൽ മൂന്ന് കമ്പനികൾക്കും സോറോസിന്റെ ഫണ്ട് ലഭിച്ചു എന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. റൂട്ട്ബ്രിഡ്ജ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (RSPL), റൂട്ട്ബ്രിഡ്ജ് അക്കാദമി പ്രൈവറ്റ് ലിമിറ്റഡ് (RAPL), ASAR സോഷ്യൽ ഇംപാക്ട് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ASAR) എന്നീ മൂന്ന് ഇന്ത്യൻ കമ്പനികൾക്ക് ആണ് ജോർജ് സോറോസ് വഴി അനധികൃത വിദേശ ഫണ്ട് ലഭിച്ചത് എന്നാണ് ഇ ഡി വ്യക്തമാക്കുന്നത്.
Discussion about this post