ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പ് വച്ചതോട് കൂടി വഖഫ് ഭേദഗതി ബിൽ നിയമമായി മാറി. ഇന്നലെ രാത്രിയാണ് രാഷ്ട്രപതി ബില്ലിൽ ഒപ്പുവച്ചത്. നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കുമെന്നാണ് വിവരം. യുണിഫൈഡ് വഖഫ് മാനേജ്‌മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്‌മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും ഇനി വഖഫ് നിയമത്തിന്റെ പേര്.
1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്‌കരിച്ച ബിൽ ആണ് കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്
പാർലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി ബില്ല് ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ അഞ്ച് എംപിമാർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ശനിയാഴ്ച കത്ത് നൽകിയിരുന്നു.നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയിൽ ചോദ്യംചെയ്യാൻ മുസ്ലീം ലീഗ് തീരുമാനിച്ചിരുന്നു. മുസ്ലീം ലീഗിന്റെ രാജ്യസഭാംഗവും പ്രമുഖ അഭിഭാഷകനുമായ ഹാരിസ് ബീരാൻ സുപ്രീം കോടതിയിൽ ഫയൽചെയ്യേണ്ട ഹർജിയുടെ രൂപം തയ്യാറാക്കിയിരുന്നു.
Discussion about this post