ന്യൂഡൽഹി : രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പ്രധാനമന്ത്രിയോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെച്ചതായി അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തമാക്കി. പരപ്പന വിശ്വാസത്തിൽ ഊന്നിയ ശക്തമായ ബന്ധമാണ് ഇന്ത്യയും യുഎഇ യും തമ്മിലുള്ളതെന്നും ഷെയ്ഖ് ഹംദാൻ അഭിപ്രായപ്പെട്ടു.
അവസരങ്ങളും, നൂതനാശയങ്ങളും, ശാശ്വതമായ അഭിവൃദ്ധിയും നിറഞ്ഞ ഒരു ഭാവി സൃഷ്ടിക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ ആണ് ഇരു രാജ്യങ്ങളും പങ്കിടുന്നത് എന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സഹായകരമാകും എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ദുബായ് നിർണായക പങ്കാളി വഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ദുബായ് കിരീടാവകാശിയുടെ ഈ പ്രത്യേക സന്ദർശനം ഇരു രാജ്യങ്ങളുടെയും ആഴത്തിലുള്ള സൗഹൃദത്തെ വീണ്ടും ഉറപ്പിക്കുകയും ഭാവിയിൽ കൂടുതൽ ശക്തമായ സഹകരണത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്നും മോദി തന്റെ എക്സ് കുറിപ്പിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഔദ്യോഗിക പരിപാടികളുടെ ഭാഗമായി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി ഷെയ്ഖ് ഹംദാൻ വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തി. ന്യൂഡൽഹിയിലെ സന്ദർശനങ്ങൾ അവസാനിച്ചതിനു ശേഷം ഷെയ്ഖ് ഹംദാൻ മുംബൈയിലേക്ക് തിരിച്ചു. മുംബൈയിൽ ഇന്ത്യൻ, എമിറാത്തി ബിസിനസ് നേതാക്കളുമായി ഒരു ബിസിനസ് മീറ്റിങ്ങിലും അദ്ദേഹം പങ്കെടുക്കും.
Leave a Comment