ബീജിംഗ്; അമേരിക്കയുടെ അധിക തീരുവ ഈടാക്കുന്ന നയത്തിനെതിരെ ഇന്ത്യയും ചൈനയും ഒരുമിച്ച് നിൽക്കണമെന്ന ആഹ്വാനവുമായി ചൈനീസ് ഉദ്യോഗസ്ഥർ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഏർപ്പെടുത്തിയ തീരുവകൾ ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കാൻ ഇന്ത്യയും ചൈനയും ഒരുമിച്ച് നിൽക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് പറഞ്ഞു. പരസ്പരപൂരകവും പ്രയോജനാധിഷ്ഠിതവുമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധം. രാജ്യങ്ങളുടെ, പ്രത്യേകിച്ച് ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ (സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന രാഷ്ട്രങ്ങള്‍) വികസനത്തിനുള്ള അവകാശം നിഷേധിക്കുന്ന യുഎസിന്റെ തീരുവ ചൂഷണത്തെ നേരിടാനും പ്രതിസന്ധികളെ അതിജീവിക്കാനും ഇരു വികസ്വര രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന് വക്താവ് വ്യക്തമാക്കി.
ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 104 ശതമാനമാക്കി ഉയർത്തി അമേരിക്ക. ഇന്ന് മുതൽ പുതുക്കിയ തീരുവ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ചൈന പ്രതികാരത്തോടെയാണ് അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ വർധിപ്പിച്ചതെന്നും ചൈന അതിൽ നിന്ന് പിൻവാങ്ങിയാൽ ട്രംപ് ദയ കാണിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
ഇതുവരെ നേരത്തെ ചുമത്തിയ 20 ശതമാനവും ഈ മാസം പ്രഖ്യാപിച്ച 34 ശതമാനവുമടക്കം 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനം കൂടിയാണ് ഇപ്പോൾ ട്രംപ് ചുമത്തിയത്. അമേരിക്കയ്ക്കെതിരെ പ്രഖ്യാപിച്ച 34 ശതമാനം പകരം തീരുവ ചൈന പിൻവലിക്കണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ 50 ശതമാനം അധിക തീരുവ ചുമത്തുമെന്നും വ്യാപാര ചർച്ചകൾ നിർത്തിവെക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തീരുവ 104 ശതമാനമാക്കി ഉയർത്തിയിരിക്കുന്നത്.
Discussion about this post