ന്യൂഡൽഹി: നാവികസേനയ്ക്കായി 64,000 കോടി രൂപയുടെ റഫേൽ എം യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് കേന്ദ്രമന്ത്രിസഭാ സമിതിയുടെ അനുമതി. ഫ്രാൻസിൽ നിന്നാണ് യുദ്ധ വിമാനങ്ങൾ വാങ്ങുന്നത്. ഇരു രാജ്യങ്ങളുടെയും സർക്കാറുകൾ തമ്മിലായിരിക്കും ഇടപാടാണെന്നാണ് വിവരം. കരാറുകൾ സംബന്ധിച്ച് ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള ചർച്ചകൾ ഈ വർഷം മാർച്ച് പകുതിയോടെ പൂർത്തിയായിരുന്നു. കരാറിൽ ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റിയൻ ലെക്കോർണോ ഒപ്പിട്ടേക്കുമെന്നാണ് വിവരം. അദ്ദേഹം ഇന്ത്യ സന്ദർശിക്കാൻ ഇരിക്കേയാണ് ഈ വിവരങ്ങൾ പുറത്ത് വരുന്നത്.
നാവികസേനയുടെ ഐ.എൻ.എസ്. വിക്രമാദിത്യ, ഐ.എൻ.എസ്. വിക്രാന്ത് എന്നിവയിൽനിന്ന് പ്രവർത്തിപ്പിക്കാനാവുന്ന 26 മറൈൻ ഫൈറ്റർ ജെറ്റുകൾ വാങ്ങാനാണ് തീരുമാനം. കരാർ ഒപ്പിട്ട് അഞ്ച് വർഷത്തിനുള്ളിൽ വിമാനങ്ങൾ നിർമിച്ച് നൽകണമെന്നായിരിക്കും വ്യവസ്ഥ.
പൈലറ്റുമാർക്ക് പരിശീലനം, അനുബന്ധ ഉപകരണങ്ങൾ, അറ്റകുറ്റപ്പണിക്കുള്ള സഹായം, റഫാൽ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയുൾപ്പെടെയുള്ളവയും കരാറിനൊപ്പമുണ്ടെന്നാണ് സൂചന.
കാലഹരണപ്പെടുന്ന മിഗ്-29കെ യുദ്ധവിമാനങ്ങളുടെ പ്രവർത്തനം ക്രമേണ നിർത്തലാക്കും. പുതിയ റഫേൽ മറൈൻ ജെറ്റുകൾക്ക് പറക്കുന്നതിനിടയിൽ പരസ്പരം ഇന്ധനം നിറയ്ക്കാൻ സാധിക്കുന്നവയാണ്.
Discussion about this post