ന്യൂഡൽഹി; മുംബൈ ഭീകരാക്രമണക്കേസിൽ കുറ്റാരോപിതനായ പാക് വംശജനും കാനഡ പൗരനുമായ തഹാവൂർ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും. എൻഐഎ, റോ വിഭാഗങ്ങളുടെ സംയുക്ത സംഘമാണ് റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇന്ത്യയിലെത്തിയാൽ, തഹാവൂർ റാണയെ തിഹാർ ജയിലിൽ കനത്ത സുരക്ഷയിൽ പാർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിലെ അതിരഹസ്യ സുരക്ഷിത കേന്ദ്രത്തിൽ വിചാരണയ്ക്കുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഡല്‍ഹിയിലും മുംബൈയിലും രണ്ട് ജയിലുകളില്‍ ക്രമീകരണങ്ങള്‍ നടക്കുന്നുണ്ട്. എവിടെ പാർപ്പിക്കുമെന്നത് രഹസ്യമായിരിക്കും. റാണയെ ഇന്ത്യയിലെത്തിക്കാന്‍ പ്രത്യേക വിമാനം സജ്ജമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാണയെ ഇന്ത്യയ്ക്കു കൈമാറാൻ ഇക്കഴിഞ്ഞ ജനുവരി 25ന് ആണ് യുഎസ് സുപ്രീംകോടതി അനുമതി നൽകിയത്.
ഇന്ത്യയ്ക്ക് തന്നെ കൈമാറരുതെന്നും ഇന്ത്യയിലെത്തിയാല്‍ താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും റാണ യുഎസ് സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച് 2023 മേയ് 18ന് റാണയെ കൈമാറാൻ യുഎസ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ യുഎസിലെ വിവിധ ഫെഡറൽ കോടതികളിൽ റാണ നൽകിയ അപേക്ഷ തള്ളിയതോടെ കഴിഞ്ഞ നവംബർ 13ന് റാണ സുപ്രീം കോടതിയെ സമീപിച്ചു.
ഫെഡറൽ കോടതികളുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന റിട്ട് അപ്പീൽ സുപ്രീം കോടതിയും തള്ളിയിരുന്നു. അപ്പീൽ പുനപരിശോധിച്ച് തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
ലഷ്കറെ തൊയിബയും, ഐഎസ്ഐയുമായി അടുത്ത ബന്ധമുണ്ടായിരുന്ന റാണ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ‌്‌ലിയുടെ അടുത്ത അനുയായിയാണ്. ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനും വിസ സംഘടിപ്പിച്ചു നൽകിയത് റാണയുടെ സ്ഥാപനമായിരുന്നു. 26/11 ആക്രമണത്തിൽ പാകിസ്താൻറെ പങ്കാളിത്തം സംബന്ധിച്ച നിർണായക തെളിവുകൾ തഹാവൂർ റാണയുടെ വിചാരണയിൽ ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.
Discussion about this post