കാസർകോഡ് : മുസ്ലിം ലീഗ് നേതാക്കളായ എം.സി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ട് കോടതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നത്. കൂടുതൽ തെളിവ് ശേഖരണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വിടണമെന്ന ഇ.ഡി വാദം ഇന്ന് കോടതി ശരി വയ്ക്കുകയായിരുന്നു.
കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് എം.സി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. കണ്ണൂരും കാസർകോട് കേന്ദ്രീകരിച്ച് ഫാഷൻ ഗോൾഡ് ജ്വല്ലറി എന്ന പേരിൽ നടത്തിയ തട്ടിപ്പ് കേസിലാണ് ഇരുവരും അറസ്റ്റിൽ ആയിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ പ്രതികളുടെ 20 കോടിയോളം രൂപ വില വരുന്ന വസ്തു വകകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയിരുന്നു.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ വിവധ ശാഖകള്‍ കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ തുടങ്ങിയ ശേഷം നിക്ഷേപകരെ കബളിപ്പിച്ച് മുസ്ലിം ലീഗ് നേതാക്കളായ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും പണം തട്ടിയെടുക്കുകയായിരുന്നു. നേരത്തെ ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും ഈ കേസ് അന്വേഷിച്ചിരുന്നു.തുടർന്ന് 2022ലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് ഏറ്റെടുത്തിരുന്നത്. നാളെ കോടതിയിൽ ജാമ്യാപേക്ഷ നൽകും എന്നാണ് മുസ്ലിം ലീഗ് നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post