ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനാൽ ആലപ്പുഴ ബീച്ചിലെ കടകൾ വെള്ളിയാഴ്ച അടച്ചിടാൻ പോലീസ് നിർദേശം. കട തുറക്കരുതെന്ന് കാണിച്ച് ചെറുകിട കച്ചവടക്കാർക്ക് ആലപ്പുഴ സൗത്ത് പോലീസ് നോട്ടീസ് നൽകി.സുരക്ഷാനടപടിയെന്നാണ് വിശദീകരണം. കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
വൈകീട്ട് അഞ്ചുമണി കഴിഞ്ഞാണ് മുഖ്യമന്ത്രി ബീച്ചിലെത്തുക. അതിനാൽ രാവിലെ മുതൽതന്നെ കടകൾ തുറക്കരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്. പല കടകളിലും ചായയും മറ്റു ഭക്ഷ്യവസ്തുക്കളും പാകംചെയ്യാൻ ഗ്യാസ് സ്റ്റൗ ഉൾപ്പെടെയുള്ള സ്ഫോടന സാധ്യതയുള്ള സാമഗ്രികൾ ഉപയോഗിക്കുന്നുണ്ട്. 25,000-ഓളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അവകാശപ്പെടുന്ന പരിപാടിയാണ്. ഇതിനിടയിൽ കേൾക്കുന്ന ചെറിയ സ്ഫോടന ശബ്ദംപോലും ജനങ്ങളെ ഭയചകിതരാക്കും. അത്തരം സാഹചര്യങ്ങളിൽ ജനങ്ങൾ തിക്കിലും തിരക്കിലുംപെട്ട് അപകടം ഉണ്ടാവാൻ ഇടയുള്ളതിനാലും ഇത് മുഖ്യമന്ത്രിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാലുമാണ് കടയടയ്ക്കാൻ നോട്ടീസ് നൽകിയതെന്നാണ് നൽകുന്ന വിശദീകരണം.
ആദ്യം ചില കടകൾക്ക് മാത്രമാണ് വിലക്ക് വന്നിരുന്നത്. പിന്നീട് മുഴുവൻ കടകളും തുറക്കരുതെന്ന് നിർദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് കടുത്ത പ്രതിഷേധത്തിലാണ് കച്ചവടക്കാർ. അതിനിടെ, ആരോപണം സംബന്ധിച്ച് പോലീസ് വിശദീകരണം നൽകി. വേദിക്ക് സമീപത്തുള്ള 14 കടകൾ തുറക്കരുതെന്നാണ് നിർദേശം നൽകിയതെന്ന് പോലീസ് വ്യക്തമാക്കി. 84 കടകൾ അടച്ചിടാൻ സൗത്ത് പോലീസ് നിർദേശം നൽകിയെന്ന ആരോപണം തെറ്റാണ്. മുഖ്യമന്ത്രി റോഡിൽനിന്ന് വേദിയിലേക്ക് കടന്നുവരുന്ന വഴിയരികിലും വേദിയുടെ സമീപത്തുമുള്ള 14 കടകൾക്ക് മാത്രമാണ് സുരക്ഷ കണക്കിലെടുത്ത് വെള്ളിയാഴ്ച അടച്ചിടാൻ നോട്ടീസ് നൽകിയതെന്നും പോലീസ് പറഞ്ഞു.
Discussion about this post