ബ്രസ്സൽസ് : പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിലായി. ഇന്ത്യയുടെ പ്രത്യേക ആവശ്യപ്രകാരമാണ് ബെൽജിയം പോലീസ് മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത്. 13,850 കോടി രൂപയുടെ അഴിമതിക്കേസിലെ പ്രധാന പ്രതിയാണ് മെഹുൽ ചോക്‌സി. നിലവിൽ ഈ കേസ് സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണത്തിലാണ്. പ്രമുഖ ആഭരണ ബ്രാൻഡായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ഉടമയായിരുന്നു ചോക്സി.
65 കാരനായ വജ്രവ്യാപാരിക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാൾ ബെൽജിയത്തിൽ ഒളിവിൽ കഴിയുകയാണെന്ന് മനസ്സിലാക്കിയ ഇ.ഡിയും സി.ബി.ഐയും ബെൽജിയം പോലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്നാണ് ബെൽജിയം പോലീസ് മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പുകളിൽ ഒന്നായിരുന്നു പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ്.
പിഎൻബി നൽകിയ അണ്ടർടേക്ക് ലെറ്റർ ദുരുപയോഗം ചെയ്ത് ഏകദേശം 13,500 കോടി രൂപയുടെ തട്ടിപ്പാണ് പ്രധാന പ്രതികളായ നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും നേതൃത്വത്തിൽ നടത്തിയിരുന്നത്. അഴിമതി പുറത്തുവരുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് 2018 ജനുവരിയിൽ ആണ് ചോക്‌സി രാജ്യം വിട്ടിരുന്നത്.
പ്രതിയെ ഉടൻ തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ബെൽജിയം വ്യക്തമാക്കിയിട്ടുണ്ട്. ബെൽജിയൻ പൗരത്വമുള്ള ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെൽജിയത്തിലെ ആന്റ്‌വെർപ്പിൽ ആണ് മെഹുൽ ചോക്സി താമസിച്ചിരുന്നത്. സ്വിറ്റ്‌സർലൻഡിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്ന സമയത്താണ് ഇയാളെ ബെൽജിയം പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
Discussion about this post