ന്യൂഡൽഹി: ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ് 2025 മെയ് 14-ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13-ന് വിരമിച്ചതിന് ശേഷമാണിത്. നിലവിലെ ചീഫ് ജസ്റ്റിസ് തൻ്റെ പിൻഗാമിയായി ജസ്റ്റിസ് ഗവായുടെ പേര് യൂണിയൻ നിയമ മന്ത്രാലയത്തിന് അയച്ചു. നിയമ മന്ത്രാലയം അദ്ദേഹത്തിൻ്റെ പിൻഗാമിയുടെ പേര് ആവശ്യപ്പെട്ടിരുന്നു.
നവംബറിൽ വിരമിക്കുന്നതിനാൽ ജസ്റ്റിസ് ഗവായ് ഏകദേശം ആറ് മാസത്തോളം ഇന്ത്യൻ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കും. 2007-ൽ രാജ്യത്തെ പരമോന്നത നീതിന്യായ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് ശേഷം പട്ടികജാതി വിഭാഗത്തിൽ നിന്ന് ഈ പദവി വഹിക്കുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് ഗവായ്.
മഹാരാഷ്ട്രയിലെ അമരാവതിയിൽ ജനിച്ച അദ്ദേഹം 1985-ൽ അഭിഭാഷകനായി സേവനം തുടങ്ങിയതാണ്. മുൻ അഡ്വക്കേറ്റ് ജനറലും മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയുമായ ബാരിസ്റ്റർ രാജാ ഭോൺസലെയുമായി ചേർന്ന് പ്രവർത്തിച്ച ശേഷം 1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. അതിനുശേഷം, ഭരണഘടനാ നിയമവും ഭരണപരമായ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന് മുന്നിലാണ് അദ്ദേഹം പ്രധാനമായും പ്രാക്ടീസ് ചെയ്തത്.
1992 ഓഗസ്റ്റിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ അസിസ്റ്റൻ്റ് ഗവൺമെൻ്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2000-ൽ നാഗ്പൂർ ബെഞ്ചിൻ്റെ ഗവൺമെൻ്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹത്തെ നിയമിച്ചു. 2003-ൽ ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായും 2005-ൽ സ്ഥിരം ജഡ്ജിയായും ജസ്റ്റിസ് ഗവായ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-ൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി..
2016-ലെ കേന്ദ്രത്തിൻ്റെ നോട്ട് നിരോധന തീരുമാനം ശരിവച്ച വിധി, ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച വിധി എന്നിവയുൾപ്പെടെ നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിരുന്നു ജസ്റ്റിസ് ഗവായ്.
ജസ്റ്റിസ് ഗവായ് സജീവ രാഷ്ട്രീയ രാഷ്ട്രീയപശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമാണ്. അദ്ദേഹത്തിൻ്റെ പിതാവ് ആർ.എസ്. ഗവായ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ഗവായ്) വിഭാഗത്തിൻ്റെ നേതാവും മുൻ എം.പിയും ബീഹാർ, സിക്കിം, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ ഗവർണറുമായിരുന്നു.
Discussion about this post