ന്യൂഡൽഹി : പാകിസ്താൻ വ്യോമസേനയുടെ വിമാനമായ മിറാഷ് വി റോസ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ തകർന്നുവീണു. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടം. പഞ്ചാബ് പ്രവിശ്യയിലെ വെഹരി ജില്ലയിലാണ് വിമാനം തകർന്നു വീണത്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ രണ്ടു പൈലറ്റുമാരും സുരക്ഷിതമായി ഇജക്റ്റ് ചെയ്തതിനാൽ ആളപായമില്ല.
വെഹാരി നഗരത്തിനടുത്തുള്ള തിങ്ഗി വ്യോമ താവളത്തിൽ നിന്ന് പതിവ് പരിശീലന പറക്കലായി പറന്നുയർന്ന വിമാനം ഉടൻ തന്നെ ഒരു എണ്ണ ഡിപ്പോയ്ക്ക് സമീപം തകർന്നു വീഴുകയായിരുന്നു. വിമാനം പൂർണമായി തകർന്നെങ്കിലും ആളപായമോ സമീപത്തെ കെട്ടിടത്തിന് കേടുപാടുകളോ സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാർക്കും നിസാര പരിക്കുകൾ ഏറ്റതിനാൽ അവരെ ഒരു സൈനിക ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റിയതായി പാക് സൈന്യം ഔദ്യോഗികമായി അറിയിച്ചു. ഫ്രഞ്ച് നിർമ്മിത മിറാഷ് 5 നെ മിറാഷ് വി റോസ് എന്ന് പുനർനാമകരണം ചെയ്താണ് പാകിസ്താൻ വ്യോമസേന ഉപയോഗിക്കുന്നത്. 1970-കൾ മുതൽ പാകിസ്താൻ വ്യോമസേനയുടെ ഭാഗമാണ് ഈ വിമാനങ്ങൾ. ആധുനികവൽക്കരണ ശ്രമങ്ങൾക്ക് ശേഷവും ഈ വിമാനങ്ങളുടെ പ്രവർത്തിപ്പിക്കലിലും പരിപാലനത്തിലും വെല്ലുവിളികൾ തുടരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
Discussion about this post