എറണാകുളം : ഹൈക്കോടതി അഭിഭാഷകൻ പി ജി മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയി ആണ് അറസ്റ്റിലായത്. ഇയാൾ പിജി മനുവിനെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി. ഇയാളുടെ നിരന്തര പ്രേരണയാണ് മനുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നും പോലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന പിജി മനുവിന്റെ വീഡിയോ അറസ്റ്റിലായ ജോൺസൺ ആണ് ചിത്രീകരിച്ചിരുന്നത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇയാൾ ഈ വീഡിയോ ചിത്രീകരിച്ചത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ വീഡിയോ ഉപയോഗിച്ച് ഇയാൾ മനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഒത്തുതീർപ്പിനായി വലിയ തുകയായിരുന്നു ഇയാൾ ആവശ്യപ്പെട്ടിരുന്നത്. ഇത്രയും പണം മനു നൽകാതിരുന്നതോടെ ആണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
ഭാര്യയ്ക്കും സഹോദരിക്കും മുന്നിൽ വെച്ച് ജോൺസൺ മനുവിനെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും പോലീസ് അറിയിക്കുന്നു. മനു പണം നൽകാതിരുന്നതിനെ തുടർന്ന് ഈ മാസം ആദ്യം ജോൺസൺ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഇയാൾ ഇത് പ്രചരിപ്പിച്ചു. മരിക്കുന്നതിന് മുമ്പ് മനു സുഹൃത്തുക്കൾക്കും ചില പൊലീസ് ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും അയച്ച വാട്സാപ്പ് സന്ദേശത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നതായാണ് പോലീസ് അറിയിക്കുന്നത്.









Discussion about this post