കൊൽക്കത്ത : മുർഷിദാബാദ് കലാപത്തിലെ ഇരകളെ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് സന്ദർശിച്ചു. മുർഷിദാബാദ് ജില്ലയിലെ ജാഫ്രാബാദ് പ്രദേശത്ത് വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ പിതാവും മകനും കൊല്ലപ്പെട്ട കുടുംബത്തിലും ഗവർണർ സന്ദർശനം നടത്തി. കഴിഞ്ഞദിവസം മാൾഡ ജില്ലയിലെ പർ ലാൽപൂരിലെ ഒരു ദുരിതാശ്വാസ ക്യാമ്പിലും ബംഗാൾ ഗവർണർ സന്ദർശനം നടത്തിയിരുന്നു.
ഇരകൾക്ക് ‘സുരക്ഷാബോധം’ നൽകാനാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടതെന്ന് ഗവർണർ വ്യക്തമാക്കി. സംസ്ഥാന ഭരണത്തിൽ തങ്ങൾ അസന്തുഷ്ടനാണെന്ന് ജനങ്ങൾ അറിയിച്ചു. സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരും. ഇരകളുടെ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യുമെന്നും അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ‘സജീവമായ നടപടികൾ’ ആവശ്യമാണെന്നും സിവി ആനന്ദ ബോസ് വ്യക്തമാക്കി.
“മുർഷിദാബാദിലെ ജനങ്ങൾക്ക് നേരിട്ട് എന്റെ ഓഫീസുമായി ബന്ധപ്പെടാൻ കഴിയുന്ന തരത്തിൽ ഞാൻ അവർക്ക് ഒരു നമ്പർ നൽകിയിട്ടുണ്ട്. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുക എന്നതാണ് എന്റെ ഏക ലക്ഷ്യം. ഉചിതമായ നടപടിക്കായി ഞാൻ ഇന്ത്യാ ഗവൺമെന്റിനെയും സംസ്ഥാന ഗവൺമെന്റിനെയും സമീപിക്കും. ഫലപ്രദമായ നടപടികൾ സ്വീകരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്” എന്നും ബംഗാൾ ഗവർണർ അറിയിച്ചു.
Discussion about this post