തെലങ്കാന: സ്‌കൂൾ പഠനകാലത്തെ സുഹൃത്തിനൊപ്പം ജീവിക്കാനായി സ്വന്തം മക്കൾക്ക് വിഷം നൽകി കൊന്ന് അമ്മ. തെലങ്കാനയിലെ സങ്കറെഢിയിലാണ് സംഭവം. രജിത എന്ന നാൽപ്പത്തഞ്ചുകാരിയാണ് സ്വന്തം ഈ കൊടുംക്രൂരത ചെയ്തത്. മക്കളായ സായ് കൃഷ്ണ,മധുപ്രിയ, ഗൗതം എന്നിവരാണ് കൊല്ലപ്പെട്ടത്.
മക്കളെ കൊലപ്പെടുത്തിയതിനു ശേഷം രജിതയും വിഷം കഴിച്ചു. സംശയം തോന്നാതിരിക്കാൻ ഇവർ ചെറിയ അളവിൽ വിഷം കഴിച്ചെന്ന് പോലീസ് പറഞ്ഞു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് രജിത.
രാത്രി ഭക്ഷണത്തിലെ തൈരിൽ വിഷം ചേർത്താണ് രജിത മക്കൾക്ക് നൽകിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും രജിത ആശുപത്രിയിൽ എത്തിച്ചില്ല. ഭർത്താവ് ചെന്നയ്യ എത്തിയപ്പോൾ അബോധാവസ്ഥയിലായ മക്കളെയാണ് കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചു. കേസിന്റെ തുടക്കത്തിൽ ഭർത്താവിനെയായിരുന്നു സംശയം. എന്നാൽ അന്വേഷണത്തിൽ രജിതയാണ് വിഷം കലർത്തിയതെന്ന് കണ്ടെത്തി.
ദാമ്പത്യത്തിൽ രജിത സന്തോഷവതിയായിരുന്നില്ല. അതിനിടെ സ്‌കൂളിൽ അടുത്തിടെ നടന്ന പൂർവ വിദ്യാർഥി സംഗമത്തിൽ രജിത പങ്കെടുത്തിരുന്നു. അവിടെ വെച്ച് പഴയ സുഹൃത്തുമായി അടുത്തു. ഇരുവരും പ്രണയത്തിലായി. പഴയ കാമുകനൊപ്പം ജീവിക്കാൻ മക്കൾ തടസ്സമാകുമെന്ന് കണ്ടതോടെയാണ് കൊലപാതകം.
Discussion about this post