ന്യൂഡൽഹി : ഡൽഹി മുസ്തഫാബാദിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ 11 ആയി. വെള്ളിയാഴ്ച രാത്രി 2.30 ഓടെ ആണ് നാല് നില കെട്ടിടം തകർന്നുവീണത്. അപകടത്തിൽ ഒരു കുടുംബത്തിലെ എട്ടുപേർ ഉൾപ്പെടെയാണ് 11 പേർ മരിച്ചത്. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
20 വർഷം പഴക്കമുള്ള നാല് നില കെട്ടിടം ആണ് മുസ്തഫാബാദിൽ തകർന്നു വീണത്. അപകടത്തിന് ശേഷം എൻഡിആർഎഫും ഡൽഹി പോലീസും പരിക്കേറ്റവരെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൽ 22 പേർ ആണ് ആകെ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോൾ കെട്ടിടം മുഴുവൻ തകർന്നതായും ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും കണ്ടെത്തി എന്നാണ് അഗ്നിരക്ഷാസേന വ്യക്തമാക്കുന്നത്.
അപകടത്തിൽ മരിച്ചവരിൽ കെട്ടിട ഉടമ തഹ്‌സീനും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഏഴ് അംഗങ്ങളും ഉൾപ്പെടുന്നു. ഇതിൽ 3 സ്ത്രീകളും 4 കുട്ടികളും ഉൾപ്പെടുന്നുണ്ട്. വെള്ളിയാഴ്ച രാത്രി ഡൽഹിയിൽ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് കാലപ്പഴക്കം ഉണ്ടായിരുന്ന നാലുനില കെട്ടിടം തകർന്നു വീണത്.
Discussion about this post