ഗൾഫിലെ ചുട്ടുപൊള്ളുന്ന വെയിലിൽ കുറെ വർഷങ്ങൾ കഠിനാധ്വാനം ചെയ്ത്, സമ്പാദിച്ചതെല്ലാം നാട്ടിലെ കുടുംബത്തിന് അയച്ചുകൊടുത്ത ഒരു ശരാശരി മലയാളി പ്രവാസിയുടെ കഥ പറഞ്ഞ വരവേൽപ്പ് എന്ന സിനിമ കാണാത്ത ആളുകൾ ഉണ്ടാകില്ല. മുരളി (മോഹൻലാൽ) തന്റെ ശേഷിച്ച കാലം എന്തെങ്കിലും ബിസിനസൊക്കെ നടത്തി നാട്ടിൽ കൂട്ടുമെന്ന് തീരുമാനിക്കുന്ന അയാൾക്ക് തുടക്കത്തിൽ കിട്ടുന്ന ‘വരവേൽപ്പ്’ കേവലം സ്നേഹപ്രകടനങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ തുടക്കമായിരുന്നു. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ആക്ഷേപഹാസ്യ ചിത്രങ്ങളിലൊന്നായ വരവേൽപ്പിന് ഇന്നും പ്രസക്തിയേറെയാണ്.
തിരിച്ചെത്തിയ ആദ്യ ദിവസങ്ങളിൽ മീൻ കറിയും മാമ്പഴ പുളിശ്ശേരിയും നൽകി സൽക്കരിച്ച ജ്യേഷ്ഠന്മാരും കുടുംബവും, മുരളി ഇനി ഗൾഫിലേക്ക് പോകുന്നില്ലെന്നറിഞ്ഞതോടെ മുഖം മാറ്റി. അയാൾ കഠിനാധ്വാനത്തിലൂടെ നേടിയതും സമ്പാദിച്ചതുമൊക്കെ ഇത്രയും നാളും അനുഭവിച്ച അവർ സ്വത്തെല്ലാം കൈവശം വെച്ചിട്ട് മുരളിയെ ഒഴിവാക്കുന്നു.
ശേഷം ഉള്ളതെല്ലാം പെറുക്കിക്കൂട്ടി മുരളി ഒരു ബസ് വാങ്ങുന്നു. എന്നാൽ തൊഴിലാളി യൂണിയനുകളുടെ അനാവശ്യമായ ഇടപെടലുകളും, രാഷ്ട്രീയ പകപോക്കലുകളും ആ സംരംഭത്തെ തകർക്കുന്നു. അവരോട് മത്സരിച്ച് ജയിക്കാൻ സാധിക്കാതെ നിസഹനായ അയാളുടെ ഭാവി എന്താണെന്ന് ആണ് സിനിമ ചർച്ച ചെയ്യുന്നത്. സിനിമയിലെ ഗൗരവമേറിയ വിഷയങ്ങൾക്കിടയിലും മുരളിയും രമയും (രേവതി) തമ്മിലുള്ള രംഗങ്ങൾ ശുദ്ധമായ തമാശയും പ്രണയവും നിറഞ്ഞതായിരുന്നു. മുരളി തന്റെ ബിസിനസ്സ് തകരുമ്പോഴുണ്ടാകുന്ന സങ്കടങ്ങൾ രമയുമായി പങ്കുവെക്കുന്ന രംഗങ്ങൾ രേവതിയും ലാലും അവിസ്മരണീയമാക്കി.
ശ്രീനിവാസന്റെ അച്ഛന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ്ഈ ചിത്രം ഒരുക്കിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിച്ചിരുന്ന ഒരാൾ ഒരു ബസ് വാങ്ങിയപ്പോൾ ‘മുതലാളി’ എന്ന് വിളിച്ച് അതേ പാർട്ടി തന്നെ അദ്ദേഹത്തെ വേട്ടയാടിയ ചരിത്രമാണ് ഈ സിനിമയുടെ കാതൽ.
നായകൻ ജയിക്കേണ്ടവനാണ്, അവൻ അമാനുഷികനാണ് തുടങ്ങിയ സാധാരണയായി നമ്മൾ കണ്ടുവരുന്ന എല്ലാ തോന്നലുകളെയും ഈ സിനിമ പൊളിച്ചെഴുതിയതാണ്. മോഹൻലാലിൻറെ സാസാധാരക്കാരൻ കഥാപാത്രങ്ങളിൽ ഇത് വായിക്കുന്ന പലർക്കും കണക്റ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രം തന്നെയാണ് വരവേൽപ്പിലെ മുരളി.













Discussion about this post