തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിനെതിരെ നടത്തിയ പരാമർശങ്ങൾ കടുത്ത വിദ്വേഷ പ്രസംഗമാണെന്ന് (Hate Speech) മദ്രാസ് ഹൈക്കോടതി. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ ആഹ്വാനം വംശഹത്യയ്ക്ക് (Genocide) തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരായ എഫ്‌ഐആർ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് മധുര ബെഞ്ചിലെ ജസ്റ്റിസ് എസ്. ശ്രീമതിയുടെ ഈ സുപ്രധാന നിരീക്ഷണം.
ഭാരതീയ സംസ്കാരത്തിന്റെ അടിത്തറയായ സനാതന ധർമ്മത്തെ ഡെങ്കിപ്പനിയോടും കൊറോണയോടും ഉപമിച്ച ഉദയനിധിയുടെ വാക്കുകൾ ഭക്തലക്ഷങ്ങളെ വേദനിപ്പിക്കുന്നതാണെന്ന് കോടതി അടിവരയിട്ടു.സനാതന ധർമ്മത്തെ വെറുതെ എതിർത്താൽ പോരാ, മറിച്ച് ‘ഉന്മൂലനം’ (Eradicate) ചെയ്യണമെന്നാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ഈ വാക്കിനെ കോടതി ഗൗരവത്തോടെയാണ് കണ്ടത്.
സനാതന ധർമ്മം പിന്തുടരുന്ന ഒരു വിഭാഗം ആളുകൾ ഇവിടെ ഉണ്ടാകരുത് എന്ന് പറയുന്നതിന് ഉപയോഗിക്കേണ്ട വാക്ക് ‘വംശഹത്യ’ എന്നാണ്. സനാതന ധർമ്മത്തെ ഒരു മതമായി കണ്ടാൽ അത് മതഹത്യയ്ക്ക് (Religicide) തുല്യമാണ്. സംസ്കാരത്തെ നശിപ്പിക്കാനുള്ള ആഹ്വാനമായും (Culturicide) ഇതിനെ കാണാം.”തമിഴിലെ ‘ഒഴിപ്പ്’ (ഉന്മൂലനം) എന്ന വാക്ക് വംശഹത്യയെയാണ് സൂചിപ്പിക്കുന്നതെന്നും അതിനാൽ ഉദയനിധിയുടെ പ്രസംഗം വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്ന അമിത് മാളവ്യയുടെ വാദത്തിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.
വിദ്വേഷ പ്രസംഗം തുടങ്ങിവെക്കുന്ന ഉന്നതർ നിയമത്തിന് മുന്നിൽപ്പെടാതെ സുരക്ഷിതരായിരിക്കുകയും, അതിനെതിരെ പ്രതികരിക്കുന്നവർ വേട്ടയാടപ്പെടുകയും ചെയ്യുന്ന അവസ്ഥ ദൗർഭാഗ്യകരമാണെന്ന് കോടതി ‘വേദനയോടെ’ രേഖപ്പെടുത്തി. തമിഴ്‌നാട്ടിൽ ഉദയനിധിക്കെതിരെ കേസെടുക്കാത്ത പോലീസ് നടപടിയെയും കോടതി വിമർശിച്ചു.












Discussion about this post