ബിസിസിഐയുടെ വാർഷിക കരാർ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലുള്ള നാല് ഗ്രേഡുകൾക്ക് പകരം മൂന്ന് ഗ്രേഡുകൾ മാത്രമുള്ള പുതിയ സംവിധാനം കൊണ്ടുവരാനാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്.
ഏറ്റവും ഉയർന്ന ഗ്രേഡായ A+ (7 കോടി രൂപ) പൂർണ്ണമായും ഒഴിവാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. പകരം A, B, C എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ മാത്രമാകും ഉണ്ടാവുക. വരാനിരിക്കുന്ന അപെക്സ് കൗൺസിൽ യോഗത്തിൽ ഇതിൽ അന്തിമ തീരുമാനമുണ്ടാകും.
ഏകദിന മത്സരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും ഗ്രേഡ് B-യിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. നിലവിൽ ഇരുവരും A+ കാറ്റഗറിയിലാണ്. എല്ലാ ഫോർമാറ്റുകളിലും കളിക്കുന്ന ഏക പ്രമുഖ താരമായ ജസ്പ്രീത് ബുംറ ഏറ്റവും ഉയർന്ന ഗ്രേഡിൽ തന്നെ തുടരും. ടെസ്റ്റ്, ഏകദിന നായകൻ ശുഭ്മാൻ ഗില്ലും പുതിയ ഗ്രേഡ് A-യിൽ ഇടംപിടിക്കും.
സഞ്ജു സാംസൺ ഉൾപ്പെടെ 19 താരങ്ങളാണ് നിലവിൽ ഗ്രേഡ് C-യിൽ ഉള്ളത്. റിങ്കു സിംഗ്, തിലക് വർമ്മ, ഹർഷിത് റാണ തുടങ്ങിയ യുവതാരങ്ങളും ഈ പട്ടികയിലുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി എല്ലാ ഫോർമാറ്റിലും ഒരുപോലെ കളിക്കുന്ന താരങ്ങളുടെ എണ്ണം കുറഞ്ഞതാണ് ഇത്തരമൊരു പരിഷ്കരണത്തിന് ബിസിസിഐയെ പ്രേരിപ്പിക്കുന്നത്. ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി എന്നിവരുടെ ഗ്രേഡുകളിലും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷമാകും പുതിയ കരാർ പട്ടിക ഔദ്യോഗികമായി പുറത്തിറക്കുക.













Discussion about this post