മലയാള സിനിമയിലെ മധുരമുള്ള ഒരു പ്രതികാരകഥയാണിത്. നായകൻ ശ്രീകുമാരൻ തമ്പി.
ചിത്രമേള എന്ന സിനിമക്ക് വേണ്ടി ശ്രീകുമാരൻ തമ്പി ദേവരാജൻ സംഗീത സംവിധാനം ചെയ്ത പാട്ടുകളെല്ലാം ഹിറ്റായിരുന്നു. അതോടെ നിർമ്മാതാക്കൾ ഈ ടീമിനെ തങ്ങളുടെ പുതിയ പടത്തിൽ കൊണ്ടുവന്നാലോ എന്ന് ആലോചിക്കും. സീനിയർ ആയത് കൊണ്ട് ആദ്യമവർ ദേവരാജൻ മാസ്റ്ററെ കാണാനെത്തും. ആ പയ്യന്റെ കൂടെ ഞാൻ വർക്ക് ചെയ്യില്ല എന്ന് ദേവരാജൻ മാസ്റ്റർ പറയും. സ്വാഭാവികമായും തമ്പി ആ സിനിമയുടെ പാട്ടെഴുത്തിൽ നിന്ന് ഔട്ടാവുകയും ചെയ്യും. അല്ലാതെ ദേവരാജനെ എന്തായാലും മാറ്റി നിർത്തില്ലല്ലോ..
ഇങ്ങനെ കുറെ സിനിമയിൽ നിന്ന് പുറത്തായതിനു ശേഷമാണ് തമ്പി കാര്യങ്ങൾ അറിയുന്നത്. തന്നോട് ദേവരാജൻ മാസ്റ്ററുടെ വിരോധമെന്തെന്ന് തമ്പിക്ക് മനസ്സിലായതുമില്ല.
അങ്ങനെയിരിക്കെ പി ബാൽത്തസാർ മുട്ടത്ത് വർക്കിയുടെ വെളുത്ത കത്രീന എന്ന നോവൽ സിനിമയാക്കാൻ തീരുമാനിച്ചു. പാട്ടെഴുതാൻ ആവശ്യപ്പെട്ടത് തമ്പിയോടാണ്. സംഗീത സംവിധായകനായി ദേവരാജൻ മാസ്റ്ററെയാണ് തമ്പി സജസ്റ്റ് ചെയ്തത്. പക്ഷേ തമ്പിയാണെഴുതുന്നതെങ്കിൽ ദേവരാജൻ സംഗീത സംവിധാനം ചെയ്യില്ല, തനിക്ക് പക്ഷേ രണ്ടുപേരേയും വേണമെന്ന് ബാൽത്തസാറും പറഞ്ഞു.ഒടുവിൽ ശ്രീകുമാരൻ തമ്പി ദേവരാജൻ മാസ്റ്ററെ വിളിച്ചു.
എന്നെ എന്തിനാണ് ഇങ്ങനെ എതിർക്കുന്നതും ഒഴിവാക്കുന്നതും.. നമ്മൾ ഒരുമിച്ച് ചെയ്ത ചിത്രമേളയിലെ പാട്ടുകൾ ഹിറ്റായില്ലേ എന്ന് തമ്പി ചോദിച്ചു..
ഹിറ്റായതാണ് കുഴപ്പമെന്ന് ദേവരാജൻ.. തമ്പി ഞെട്ടി.. അതെന്താണെന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി അതിലും വിചിത്രം.
“ഇനി ഒരുമിച്ച് പാട്ടുകൾ ചെയ്ത് അതെല്ലാം ഹിറ്റായാൽ പിന്നെ കുട്ടന് പാട്ടുകൾ കിട്ടില്ല. കുട്ടന് ദോഷം വരുത്തുന്ന ഒരു പണിക്ക് ഞാനില്ല. ഞങ്ങളൊരുമിച്ച് ഒരു ടീമായിട്ടാണിപ്പോ പാട്ടുകളെല്ലാം ചെയ്യുന്നത്. “
കുട്ടൻ എന്ന് പറഞ്ഞാൽ വയലാർ .. വയലാർ – ദേവരാജൻ ടീം കത്തി നിൽക്കുന്ന സമയമാണ്. തമ്പിയുടെ പാട്ടുകൾക്ക് സംഗീതം ചെയ്താൽ വയലാറിന്റെ മാർക്കറ്റ് ഇടിയുമോ എന്ന് ദേവരാജൻ ഭയപ്പെട്ടതു കൊണ്ടാണ് തമ്പിയുടെ പാട്ടുകൾ താൻ ട്യൂൺ ചെയ്യില്ല എന്ന് പ്രഖ്യാപിച്ചത്.
അന്തം വിട്ട ശ്രീകുമാരൻ തമ്പിയാകട്ടെ , വയലാറിനെ പോലെ വലിയ ഒരു കവിയെ ആണോ തന്നോട് താരതമ്യം ചെയ്യുന്നതെന്ന് ചോദിച്ചു.. ഒപ്പം പി ഭാസ്കരന്റെ വരികൾ അങ്ങ് ട്യൂൺ ചെയ്യുന്നില്ലേ എന്നൊരു എക്സ്ട്രാ ചോദ്യവും..
ദേവരാജന് ചൂടായി.. പി ഭാസ്കരൻ എവിടെ നീയെവിടെ .. നീ ഇന്നലെ വന്ന ഒരു കൊച്ച് ചെറുക്കൻ എന്ന് മറുപടിയും കൊടുത്തു..
ശ്രീകുമാരൻ തമ്പിയും മോശമല്ലല്ലോ.. തന്നെ ഇനി നീ എന്ന് വിളിക്കരുത് ഒന്നുകിൽ പേര് വിളിക്കണം അല്ലെങ്കിൽ താനെന്ന് വിളിക്കണമെന്ന് ദേവരാജനോട് തിരിച്ചും പറഞ്ഞു..
“ നീ ധിക്കാരിയാണ് .. അതുകൊണ്ടും കൂടിയാ നിന്റെ വരികൾ എനിക്ക് പറ്റില്ലെന്ന് ഞാൻ പറയുന്നത് “ ദേവരാജന്റെ തിരിച്ചടി..
സാങ്കേതികമായ ഒരു വിഷയത്തിൽ മേലുദ്യോഗസ്ഥനോടുള്ള വാക്ക് തർക്കത്തിനിടയിൽ സ്പോട്ടിൽ രാജിക്കത്തെഴുതി സർക്കാർ ജോലി വലിച്ചെറിഞ്ഞ തമ്പിക്ക് പിന്നെ പിടിച്ച് നിൽക്കാൻ പറ്റിയില്ല..
“പരവൂർ ദേവരാജനെന്ന വലിയ ധിക്കാരി ജീവിക്കുന്നിടത്ത് ശ്രീകുമാരൻ തമ്പിയെന്ന കൊച്ചു ധിക്കാരിക്കും ഇടമുണ്ട്. നിങ്ങളുടെ ഈണങ്ങളിൽ നിങ്ങൾക്കുള്ള വിശ്വാസം എനിക്കെന്റെ വരികളിലുമുണ്ട്.. നിങ്ങളുടെ ഹാർമോണിയം വായിക്കുന്ന പയ്യൻ ട്യൂൺ ചെയ്താലും എന്റെ പാട്ട് ഹിറ്റാകും.. “
ഇത് പറഞ്ഞ് തമ്പി ഫോൺ കട്ട് ചെയ്തു..
എന്തായാലും കുറെ നിബന്ധനകളൊക്കെ വെച്ച് ബാൽത്തസാറിന്റെ വെളുത്ത കത്രീനയിൽ തമ്പിയുടെ വരികൾക്ക് ദേവരാജൻ സംഗീതം ചെയ്തു. നിബന്ധനകളെപ്പറ്റി തമ്പി തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.
ബാൽത്തസാറിന്റെ ഇനിയുള്ള എല്ലാപടത്തിലും വയലാർ പാട്ടെഴുതണം. തമ്പിയെക്കൊണ്ട് ഒരു വരിപോലും എഴുതിക്കരുത്.
വരികളെഴുതി ബാൽത്തസാർ വാങ്ങി ദേവരാജനെ ഏൽപ്പിക്കണം. തന്റെ മുന്നിൽ ആ ചെറുക്കനെ കാണരുത്.
പാട്ടുകൾ റെക്കോഡ് ചെയ്യുമ്പോൾ തമ്പിക്ക് കാണാൻ വരാം. പക്ഷേ ട്യൂണിനെപ്പറ്റി ഒറ്റയക്ഷരം മിണ്ടരുത്.. നിബന്ധനകളെല്ലാം അംഗീകരിക്കപ്പെട്ടു.. പാട്ടൊക്കെ ഹിറ്റാവുകയും ചെയ്തു. കാട്ടുചെമ്പകം പൂത്തുലയുമ്പോൾ , പൂജാപുഷ്പമേ പൂഴിയിൽ വീണ, കണ്ണിൽ കാമ ബാണം, തുടങ്ങിയ 9 പാട്ടുകളാായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
പിന്നീട് അഞ്ച് വർഷക്കാലം ഇരുവരും തമ്മിൽ സംസാരിച്ചിട്ടില്ല.. 1973 ൽ കാലചക്രം എന്ന സിനിമക്ക് വേണ്ടിയാണ് വീണ്ടും ഒരുമിക്കുന്നത്.. പിന്നീട് നിരവധി സൂപ്പർ ഹിറ്റ് പാട്ടുകൾ പിറക്കുകയും ചെയ്തു.. ഈ അഞ്ച് വർഷം തമ്പിക്കും മോശമായ കാലമായിരുന്നില്ല.. ശ്രീകുമാരൻ തമ്പി – എം.കെ അർജുനൻ കൂട്ടുകെട്ട് ഒരുക്കിയ ഗാനങ്ങൾ സൂപ്പർ ഹിറ്റായി മാറി. വയലാർ- ദേവരാജൻ കോംബോ പോലെ ശ്രീകുമാരൻ തമ്പി- എം.കെ അർജുനൻ കോംബോയും മലയാള സിനിമാ പാട്ടുകളിൽ തരംഗമായി മാറി..
കസ്തൂരി മണക്കുന്നല്ലോ കാറ്റേ…. ആയിരം അജന്താ ചിത്രങ്ങളിൽ .. പാടാത്ത വീണയും പാടും.. സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു.. വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, യദുകുല രതിദേവനെവിടെ, കുയിലിന്റെ മണിനാദം കേട്ടു, തുടങ്ങിയ സൂപ്പർ ഹിറ്റ് പാട്ടുകൾ തമ്പി – അർജുനൻ ടീമിന്റേതാണ്.. രണ്ടുപേരും ചേർന്ന് നാനൂറോളം ഗാനങ്ങൾ ചെയ്തു.
നമുക്ക് ആദ്യം തമ്പി പറഞ്ഞ ആ ഡയലോഗിലേക്ക് ഒന്ന് പോകാം ..
പരവൂർ ദേവരാജന്റെ ഹാർമോണിസ്റ്റ് ചെയ്താലും തന്റെ പാട്ടുകൾ ഹിറ്റാകുമെന്ന ആ ഡയലോഗ്..
കൊല്ലം കാളിദാസ കലാകേന്ദ്രത്തിൽ ദേവരാജൻ മാസ്റ്ററുടെ ഹാർമോണിസ്റ്റായിരുന്നു എം.കെ അർജുനൻ !!!
Discussion about this post