ന്യൂഡൽഹി : രണ്ടുദിവസം നീളുന്ന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യയിലേക്ക്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ രണ്ടുദിവസത്തെ സന്ദർശനം. ഉഭയകക്ഷി ചർച്ചകൾക്കൊപ്പം സന്ദർശന വേളയിൽ സൗദിയിലുള്ള ഇന്ത്യൻ പ്രവാസികളെയും കാണുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
സൗദി അറേബ്യയുമായുള്ള ചരിത്രപരമായ ബന്ധത്തെ ഇന്ത്യ വിലമതിക്കുന്നുവെന്ന് സൗദി യാത്രയ്ക്ക് മുൻപായി മോദി വ്യക്തമാക്കി. “സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പോകുന്നു, അവിടെ ഞാൻ വിവിധ യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കും. സൗദി അറേബ്യയുമായുള്ള നമ്മുടെ ചരിത്രപരമായ ബന്ധത്തെ ഇന്ത്യ വിലമതിക്കുന്നു. കഴിഞ്ഞ ദശകത്തിൽ ഉഭയകക്ഷി ബന്ധങ്ങൾക്ക് ഗണ്യമായ വേഗത കൈവരിച്ചിട്ടുണ്ട്. തന്ത്രപരമായ പങ്കാളിത്ത കൗൺസിലിന്റെ രണ്ടാം യോഗത്തിൽ പങ്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവിടെയുള്ള ഇന്ത്യൻ സമൂഹവുമായും ഞാൻ സംവദിക്കും”, എന്ന് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
നാല് പതിറ്റാണ്ടിനിടയിൽ ജിദ്ദ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന്റെ മുൻ സന്ദർശനങ്ങളെല്ലാം സൗദി തലസ്ഥാനമായ റിയാദിലേക്കായിരുന്നു. 1982 ൽ ഇന്ദിരാഗാന്ധിയാണ് അവസാനമായി ജിദ്ദ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. സൗദി അറേബ്യയിലേക്കുള്ള മോദിയുടെ മൂന്നാമത്തെ സന്ദർശനമാണിത്.
Discussion about this post