കോട്ടയം : കോട്ടയത്ത് അതിക്രൂരമായ ഇരട്ടക്കൊലപാതകം. കോട്ടയം തിരുവാതുക്കലുള്ള വ്യവസായിയുടെ വീട്ടിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാർ, ഭാര്യ മീര എന്നിവരാണ് മരിച്ചത്.
ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ രീതിയിലാണ് ഇവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കോട്ടയം നഗരത്തിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെയും മറ്റു നിരവധി വ്യവസായ സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാർ. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് വ്യവസായിയെയും ഭാര്യയെയും മരിച്ചനിലയിൽ കണ്ടത്. ഉടൻതന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിജയകുമാറിന്റെ വീട്ടിൽ നേരത്തെ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളി ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പണം തട്ടിപ്പിന്റെ പേരിൽ പിരിച്ചുവിടപ്പെട്ട മുൻ ജോലിക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെയാണ് സംശയമുന നീളുന്നത്. ജയിലിൽ നിന്നും ഇറങ്ങിയശേഷം ഇയാൾ കഴിഞ്ഞ ദിവസം ഈ വീട്ടിൽ സന്ദർശനം നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വീടിന്റെ പിൻവശത്തെ വാതിൽ അമ്മിക്കല്ല് ഉപയോഗിച്ച് തകർത്താണ് പ്രതി അകത്തു കയറിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post