ന്യൂഡൽഹി : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) 2024 ലെ സിവിൽ സർവീസസ് പരീക്ഷയുടെ അന്തിമ ഫലങ്ങൾ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് സ്വദേശിനി ശക്തി ദുബെ ആണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. അലഹബാദ് സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദം നേടിയ ശേഷമാണ് ശക്തി യുപിഎസ്‌സി പരീക്ഷ എഴുതിയിരുന്നത്. പൊളിറ്റിക്കൽ സയൻസും ഇന്റർനാഷണൽ റിലേഷൻസും ഓപ്ഷണൽ വിഷയങ്ങളായി നേടി പരീക്ഷ പാസായതായി കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആദ്യ അഞ്ച് റാങ്കിൽ മൂന്നുപേരും പെൺകുട്ടികളാണ് എന്നുള്ളതും ഈ വർഷത്തെ യുപിഎസ്‌സി റിസൾട്ടിനെ വ്യത്യസ്തമാക്കുന്നു. ആദ്യ 50 റാങ്കുകളിൽ രണ്ട് പേർ മലയാളികളാണ്. ആദ്യ 100 റാങ്ക് നേടിയവരിൽ 5 പേരാണ് മലയാളികൾ ആയിട്ടുള്ളത്. ആദ്യ മൂന്ന് റാങ്കുകളിൽ ഹർഷിത ഗോയൽ രണ്ടാം സ്ഥാനത്തും ഡോംഗ്രെ അർച്ചിത് പരാഗ് മൂന്നാം സ്ഥാനത്തും എത്തി.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്), മറ്റ് കേന്ദ്ര സർവീസുകൾ (ഗ്രൂപ്പ് ‘എ’, ‘ബി’) എന്നിവയുൾപ്പെടെയുള്ള സേവനങ്ങളിലേക്ക് ആകെ 1,009 ഉദ്യോഗാർത്ഥികളെ ആണ് യുപിഎസ്‌സി ശുപാർശ ചെയ്തിരിക്കുന്നത്.
45-ാം റാങ്ക് നേടിയ മാളവിക ജി നായർ ആണ് പട്ടികയിൽ ഒന്നാമതുള്ള മലയാളി. ജിപി നന്ദന 47-ാം റാങ്ക് നേടി. സോണറ്റ് ജോസ് – 54, റീനു അന്ന മാത്യു – 81, ദേവിക പ്രിയദർശിനി – 95 എന്നിവരാണ് പട്ടികയിൽ ആദ്യ നൂറിൽ ഇടംപിടിച്ച മലയാളി വനിതകൾ.
Discussion about this post