ഗാന്ധിനഗർ : ഗുജറാത്തിൽ ചെറുവിമാനം തകർന്നുവീണ് അപകടം. അമ്രേലിയിലെ ശാസ്ത്രി നഗറിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ ആണ് സ്വകാര്യ പരിശീലന വിമാനം തകർന്നു വീണത്. വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വ്യോമയാന പരിശീലകനായ അനികേത് മഹാജൻ ആണ് മരിച്ചത്.
വിഷൻ ഫ്ലൈയിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ വ്യോമയാന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പരിശീലന വിമാനമാണ് തകർന്നുവീണത്. വിമാനം താഴെ വീണ ഉടൻതന്നെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത് പരിസരവാസികളായ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഉടൻതന്നെ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
അപകടത്തിൽ പ്രദേശവാസികൾക്ക് പരിക്കുകൾ ഒന്നും ഏറ്റിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ അഗ്നി രക്ഷാസേനയുടെ നിയന്ത്രണത്തിലാണ് പ്രദേശം. അപകടത്തിൽ മരിച്ച അനികേത് മഹാജൻ മാത്രമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് വ്യോമയാന കമ്പനി സ്ഥിരീകരിച്ചു.
Discussion about this post