ഇസ്ലാമാബാദ് : ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സർക്കാർ പാകിസ്താനെതിരെ സ്വീകരിച്ചിരിക്കുന്ന നടപടികളിൽ ആശങ്കയുമായി പാക് സർക്കാർ. കൂടുതൽ ചർച്ചകൾക്കായി പാകിസ്താനിൽ ഇന്ന് ഉന്നതതല യോഗം ചേരും. രാജ്യത്തെ ഉന്നത സിവിലിയൻ, സൈനിക നേതൃത്വം വ്യാഴാഴ്ച യോഗം ചേരുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രഖ്യാപിച്ചു.
26 നിരപരാധികളായ വിനോദസഞ്ചാരികളെ അതിക്രൂരമായി കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിശക്തമായ നടപടികളാണ് ഇന്ത്യ പാകിസ്ഥാനെതിരെ പ്രഖ്യാപിച്ചിട്ടുള്ളത്. പാകിസ്താനെതിരായി ഇന്ത്യ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുകയും , അട്ടാരി അതിർത്തിയിലെ സംയോജിത ചെക്ക് പോസ്റ്റ് അടച്ചുപൂട്ടുകയും, പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തുകയും ചെയ്തു.
ഇന്ത്യയുടെ തീരുമാനങ്ങൾ ചർച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച ഇസ്ലാമാബാദിൽ നടക്കുന്ന യോഗത്തിൽ പാകിസ്താൻ സായുധ സേനാ മേധാവികളും പ്രധാന കാബിനറ്റ് അംഗങ്ങളും പങ്കെടുക്കും. ദേശീയ സുരക്ഷാ വിഷയങ്ങളിൽ അടിയന്തര ചർച്ച ആവശ്യമുള്ളപ്പോഴാണ് സാധാരണയായി ഇത്തരം ഉന്നതതല യോഗങ്ങൾ നടക്കാറുള്ളത്.
Discussion about this post